Crime
ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി പി ഒ ജോയി ആൻറണി ചാരായം വാറ്റി കച്ചവടം നടത്തി, സസ്പെൻഷനിലായി
കൊച്ചി . സംസ്ഥാന എക്സൈസ് വകുപ്പിനെ കബളിപ്പിച്ച് ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി പി ഒ ചാരായം വാറ്റി കച്ചവടം നടത്തിയെന്ന് കണ്ടെത്തി. സംഭവം സംബന്ധിച്ച് എക്സൈസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി പി ഒ ജോയി ആൻറണിയെയാണ് വീട്ടിൽ ചാരായം വാറ്റിയതിനു സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വീട്ടിൽനിന്ന് എക്സൈസ് ചാരായം പിടികൂടിയ പിറകെ ജോയി ആൻറണി ഒളിവിൽ പോയിരുന്നു. പറവൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് വാറ്റ് പിടികൂടുന്നത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജോയി ആന്‍റണിയുടെ വീട്ടിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുക്കുകയായിരുന്നു.
ജോയി ആന്‍റണി ചാരായം വാറ്റുന്നുവെന്ന വിവരം നേരത്തെ തന്നെ എക്സൈസിന് കിട്ടിയിരുന്നു. ഇതേത്തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പറവൂരിൽനിന്നുള്ള എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുമ്പോൾ ജോയി ആന്‍റണി വീട്ടിൽ ഉണ്ടായിരുന്നില്ല. ചാരായം പിടിച്ചെടുത്ത വിവരം എക്സൈസ് ഉദ്യോഗസ്ഥർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് ജോയി ആന്‍റണിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.