കൊറോണ മൂലം സുനാമിയുടെ വരവ് നീട്ടി ലാൽ
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ജീൻ പോൾ ലാൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരുന്ന സിനിമയുടെ ഷൂട്ടിംഗ് എന്നാൽ താല്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കൊറോണയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കെയാണ് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തി വെയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലാൽ ഈ കാര്യം അറിയിച്ചത്. ലാൽ തന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.
നമസ്‌കാരം, നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകം മുഴുവന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ ‘സുനാമി’ എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവനശേഷിയുടെ ബലത്തെ കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും. ഭയപ്പെടരുത്.. ചെറുത്തുനിന്ന് തോൽപ്പിക്കുക.. ഒരിക്കല്‍കൂടി!
ലാൽ ആണ് സുനാമിക്ക് തിരക്കഥ ഒരുക്കുന്നത്. പാണ്ട ഡാഡ് പ്രോഡക്‌ഷൻ നിർമ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. സുനാമിയുടെ മാത്രമല്ല മറ്റു പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് താത്കാലികമായി നിർത്തി വച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.