Latest News
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 158 രൂപ കുറച്ചു
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ഓയിൽ കമ്പനി ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 19 കിലോയ്ക്ക് 158 രൂപ കുറച്ചു. ഇന്ത്യൻ ഓയിലിന്റെ 19 കിലോഗ്രാം സിലിണ്ടറിന് 1,522.50 രൂപയാണ് വെള്ളിയാഴ്ചത്തെ വില. വാണിജ്യ, ഗാർഹിക എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില പുനരവലോകനങ്ങൾ എല്ലാ മാസത്തേയും ആദ്യ ദിവസം ആണ് നടക്കുന്നത്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിക്കുകയും ഉണ്ടായി.
ഈ വർദ്ധനവിന് മുമ്പ്, ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി രണ്ട് തവണ വില കുറച്ചിരുന്നു. മേയിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപയും ജൂണിൽ 83 രൂപയും കുറക്കുകയുണ്ടായി. ഏപ്രിലിലും വില യൂണിറ്റിന് 91.50 രൂപ കുറച്ചു.