Latest News
കെടിഡിഎഫ്‌സി കൂപ്പ് കുത്തി, കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക്?
തിരുവനന്തപുരം . കെടിഡിഎഫ്‌സിയിലെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ ഇല്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയതോടെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക്?. കേരള ബാങ്കിനു 900 കോടി രൂപ തിരിച്ചടയ്‌ക്കാനുള്ള കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന്റെ (കെടിഡിഎഫ്‌സി ) ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതോടെയാണ് കേരളത്തിലെ സഹകരണ ബാങ്കുകളുടെ അവസ്ഥ കഷ്ടത്തിലായിരിക്കുന്നത്.
കേരള ബാങ്കിനു പുറമെ പ്രധാന ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും കെടിഡിഎഫ്‌സി കോടികള്‍ ആണ് വായ്പ എടുത്തിരുന്നത്. ഈ തുകയും നിഷ്‌ക്രിയ ആസ്തികളായി മാറുന്നതോടെ കേരളത്തിലെ സഹകരണ മേഖലയുടെ തകർച്ച പൂർണമാകും. കെടിഡി എഫ് സി ക്കുണ്ടായ തകര്‍ച്ച ക്രമേണ കേരള ബാങ്കിലേക്കും സഹകരണ ബാങ്കുകളിലേക്കും എത്തുമെന്നതാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കം കെടിഡിഎഫ്‌സി എടുത്ത കോടികളുടെ വായ്പകൾ ചൂണ്ടി കാട്ടുന്നത്. കെ എസ് ആര്‍ ടി സിക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ചെലവഴിക്കാന്‍ കെടിഡി എഫ് സി യില്‍ നിന്നു ശത കോടികള്‍ ആണ് വായ്പ നൽകിയിരുന്നത്.
വായ്പ തുകകൾ തിരിച്ചടയ്‌ക്കാന്‍ കഴിയാതായതോടെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ സഹിതമുള്ള ആസ്തികള്‍ കെ ടിഡി എഫ് സി ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കെ ടി ഡി എഫ്‌സിയില്‍ നിക്ഷേപകര്‍ക്ക് കാലാവധിക്കു ശേഷം തുക മടക്കി നൽകാൻ കഴിയാത്ത സ്ഥിതിയിലുമായി. ശ്രീരാമകൃഷ്ണ മിഷന്‍ കെടിഡി എഫ് സി യില്‍ നിക്ഷേപിച്ചിരുന്ന 130 കോടി രൂപ നിക്ഷേപ കാലാവധിക്കു ശേഷം തിരികെ ചോദിച്ചതോടെയാണ് കെ ടി ഡി എഫ്‌സിയുടെ പെട്ടി കാലിയാണെന്ന വസ്തുത പുറം ലോകം അറിയുന്നത്.
സര്‍ക്കാര്‍ ഗാരന്റിയോടെ നിക്ഷേപിച്ച തുക തിരിച്ചു കിട്ടുന്നില്ലെന്നു ശ്രീരാമ കൃഷ്ണ മിഷന്‍ റിസര്‍വ് ബാങ്കിനോടു പരാതിപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കെടിഡി എഫ് സി പൊട്ടി പൊളിഞ്ഞതായ വിവരം പുറത്ത് എത്തുന്നത്. ഇതോടെയാണ്, ഇനി മേലില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് കെ ടിഡി എഫ് സി യുടെ ലൈസന്‍സ് റദ്ദാക്കുന്നത്. കെ ടിഡി എഫ് സി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗാറന്റിയുണ്ടെങ്കിലും പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഭൂരിഭാഗം നിക്ഷേപകര്‍ക്കും തുക തിരികെ കിട്ടാനുള്ള സാധ്യതയും ഇല്ല.
കെടിഡി എഫ് സിക്ക് കേരള ബാങ്കും സഹകരണ ബാങ്കുകളും നല്‍കിയ വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി ഇതോടെ മാറിയിരിക്കുകയാണ്. കരിവന്നൂര്‍ തട്ടിപ്പു പുറത്തു വന്നതോടെ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ട സഹകരണ മേഖലയ്‌ക്ക് കെ ടിഡി എഫ് സി തകര്‍ച്ച കനത്ത അടിയാകും. സഹകരണ ബാങ്കുകളുടെ തകര്‍ച്ച നാട്ടിൽ കാട്ടു തീ പോലെ പടർന്നിരിക്കുകയാണ്. ഇതോടെ പലയിടത്തും കൂട്ടത്തോടെ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതും നടക്കുന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപ വായ്പാ അനുപാതം തകിടം മറിയുന്ന നിലയിലേക്കാണ് പ്രതിസന്ധി എത്തിയിരിക്കുന്നത് എന്ന് വേണം പറയാൻ.
പല സഹകരണ ബാങ്കുകളും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനു പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഇതില്‍ നിക്ഷേപകര്‍ പരസ്യമായി പ്രതിഷേധിക്കുന്ന സാഹചര്യം ഉടലെടുത്താല്‍ സഹകരണ ബാങ്കുകള്‍ അടച്ചു പൂട്ടുന്ന സ്ഥിതിയാവും ഉണ്ടാവുക. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ മൊത്തമായി സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ ഒന്നടങ്കം കേരളത്തിൽ അങ്കലാപ്പിലാണ്.