Crime
‘കട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേട്’ – പി.കെ. കൃഷ്ണദാസ്
കോഴിക്കോട് . കേരളത്തില്‍ കരുവന്നൂര്‍ ഉള്‍പ്പെടെ നടന്ന സഹകരണ കുംഭകോണത്തില്‍ ഇ ഡി അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശ്രമിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സഹകരണ തട്ടിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന നേതൃത്വത്തിനു വരെ പങ്കുണ്ട്. ക്രൈം ബ്രാഞ്ച്, സഹകരണ വകുപ്പന്വേഷണങ്ങളിലൂടെ തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചു വരുന്നത്.കോഴിക്കോട് മാരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ. കൃഷ്ണദാസ് ഇക്കാര്യം പറഞ്ഞത്.
അയ്യായിരം കോടിയുടെ സഹകരണ മെഗാ കുംഭകോണമാണ് സംസ്ഥാനത്താകമാനം നടന്നത്. ഇത്രയും വലിയ തട്ടിപ്പിനെയാണ് ഒറ്റപ്പെട്ട സംഭവമായും ഒറ്റ കറുത്ത വറ്റായും മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. വറ്റ് മാത്രമല്ല കലം മുഴുവന്‍ കറുത്തിരിക്കുകയാണെന്ന് പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി. മന്ത്രി വി.എന്‍. വാസവന്‍ 2022ല്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത് 399 സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടന്നുവെന്നാണ്. ഇപ്പോളത് അറുന്നൂറിലധികമായിരിക്കുന്നു. കട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്, പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുകയാണ്. സഹകരണ ബാങ്കുകളില്‍ തീവ്രവാദ സംഘടനകളുടെ അടക്കം പണമാണ് സിപിഎം നേതാക്കള്‍ നിക്ഷേപിച്ചിരിക്കുന്നത്. 2016 നവംബറിന് ശേഷവും മുന്‍പും ഉണ്ടായിരുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും തയ്യാറാവണം. സഹകരണ കുംഭകോണത്തിനെതിരെ ബിജെപി നിയമപരമായും രാഷ്‌ട്രീയമായും പോരാടും. ഒക്‌ടോബര്‍ രണ്ടിന് കരുവന്നൂരില്‍ നിന്ന് തൃശ്ശൂര്‍ സഹകരണ ബാങ്കിലേക്ക് സുരേഷ്‌ഗോപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭയാത്ര നടക്കും. സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തി കുംഭകോണം പൂര്‍ണമായും പുറത്ത് കൊണ്ടുവരും – പി.കെ. കൃഷ്ണദാസ് പറഞ്ഞു.