സിനിമയിലും പിണറായി
കേരളത്തിൽ വിപ്ലവകരമായ നിരവധി മാറ്റങ്ങൾ കൊണ്ട് വന്ന രാഷ്ട്രീയ നേതാവും നമ്മുടെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ജീവിതകഥ സിനിമ ആകുന്നു എന്ന വാർത്ത നിരവധി നാളുകൾ ആയി നമ്മൾ കേൾക്കുന്നതാണ്. മമ്മൂട്ടി മോഹൻലാൽ തുടങ്ങി മലായാളത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാൾ തന്നെ പിണറായി വിജയൻ ആയി വെള്ളിത്തിരയിൽ എത്തും എന്നും വാർത്തകൾ വന്നിരുന്നു. പിന്നീട് ഒടിയൻ സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ പിണറായിയുടെ ജീവിതകഥ സിനിമ ആക്കും, ഒപ്പം സംവിധായൻ ബി ഉണ്ണികൃഷ്ണനും ഉണ്ടാകും അങ്ങിനെ നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ഇത്തരം വാർത്തകൾ ഒന്നും ഉണ്ടായില്ല. അതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ തനിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമ ആക്കുവാൻ താല്പര്യം ഉണ്ടെന്ന ആഗ്രഹവുമായി മലയാളത്തിന്റെ പ്രിയ സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ആഷിഖ് അബു തന്റെ ആരാധകരോട് ഈ ആഗ്രഹം പങ്കുവച്ചത്.
ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ ജീവിതം സിനിമ ആക്കുവാൻ ആഗ്രഹം ഉണ്ടോ എന്നും അങ്ങിനെ ആണെങ്കിൽ അത് ആരുടെ ആയിരിക്കുമെന്നുമുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് ആഷിക് അബു മറുപടി നൽകിയത്. ആഷിക് അബുവിന്റെ ഈ മറുപടി ആരാധകർക്ക് ഏറെ ആവേശമാണ് നൽകിയത്. നവമാധ്യമങ്ങൾ മുഴുവൻ ഇപ്പോൾ ഈ വാർത്തയുടെ പിന്നാലെയാണ്. ഒരു ഇടതുപക്ഷ ചിന്താഗതി ഉള്ള വ്യക്തി എന്ന നിലയിൽ മലയാളികൾ ഏവരും ആരാധിക്കുന്ന പിണറായി വിജയന്റെ കഥ സിനിമ ആയാൽ അത് മികച്ച കലാസൃഷ്ടി തന്നെയാകും എന്നതിൽ സംശയം ഇല്ല. സിനിമയിൽ നേരത്തെ വന്ന വാർത്തകൾ പോലെ മോഹൻലാലോ മമ്മൂട്ടിയോ ആയിരിക്കുമോ പ്രധാന വേഷത്തിൽ എത്തുക എന്നതിൽ കൃത്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഏതായാലും തന്റെ ആരാധകർക്ക് ആഷിഖ് അബു നൽകിയ മറുപടി ഏവരെയും ആവേശത്തിൽ ആക്കിയിരിക്കുകയാണ്. ആഗ്രഹം ആഗ്രഹമായി തന്നെ ഇരിക്കുമോ അതോ സിനിമ ആയി മാറുമോ എന്നറിയാൻ കാത്തിരിക്കാം.