Latest News
ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി, അമ്പിളി തൊട്ടു ഇന്ത്യ
ഇന്ത്യ ബഹിരാകാശചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി കുറിച്ചു. ഇന്ത്യയുടെ അമ്പിളി പ്രഭ ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ് നടന്നത്. ഇതോടെ ഇന്ത്യ, ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം പ്രതാപത്തോടെ ഇടം നേടി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന പെരുമയും ഇന്ത്യക്ക് സ്വന്തമായി. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു.
ആ സുവർണ നിമിഷം ലോകമെമ്പാടുമുള്ള ജനങ്ങൾ അത്യാഹ്ലാദപൂർവം നോക്കി കണ്ടു. മുൻകൂട്ടി അറിയിച്ചിരുന്നപോലെ വൈകുന്നേരം 6.03-നു പേടകം ചാന്ദ്രോപരിത്തലത്തിലിറങ്ങുകയായിരുന്നു. ഇതിനായി ഇന്ത്യൻ സമയം വൈകുന്നേരം 5.47 മുതൽ ഐഎസ്ആർഒ യൂട്യൂബ് ചാനൽ ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ചന്ദ്രയാൻ 3-ന്റെ സോഫ്റ്റ് ലാൻഡിംഗ് തത്സമയം കാണിക്കുകയുണ്ടായി.
ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് ത്രസ്റ്റർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു. അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വരുകയായിരുന്നു.
വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് തത്മസയം വെർച്വലായി കണ്ടു.
ഡിഡി നാഷണൽ ചാനലിലൂടെയും സോഫ്റ്റ് ലാൻഡിംഗ് ലൈവായി കാണാൻ അവസരം ഒരുക്കിയിരുന്നു. തത്സമയ സംപ്രേക്ഷണത്തിനായി സ്‌കൂളുകളും ശാസ്ത്ര സ്ഥാപനങ്ങളും ബിഗ് സ്‌ക്രീനുകളുമായി സൗകര്യം ഒരുക്കിയിരുന്നു. ബെംഗളൂരു പീനിയയിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ് ലാൻഡറിന് നിർദേശങ്ങൾ നൽകിയിരുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ ലാൻഡറിന്റെ ഒരുവശത്തെ പാനൽ തുറന്ന് പ്രഗ്യാൻ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടർന്നു. ആറുചക്രമുള്ള പ്രഗ്യാൻ റോവർ ചന്ദ്രയാൻ ദൗത്യത്തിലെ നിർണായക വാഹനമാണ്. വിക്രം ലാൻഡർ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാൻ റോവർ ചന്ദ്രനെ തൊടുക. ചന്ദ്രനിൽ സഞ്ചരിച്ചുകൊണ്ട് വിവരങ്ങൾ ഇനി നമുക്ക് കൈമാറുക പ്രഗ്യാൻ റോവറായിരിക്കും.