Entertainment
രാജ്യ ദ്രോഹികൾക്ക് വേദി നൽകരുതെന്ന് ടെലിവിഷൻ ചാനലുകളോട് കേന്ദ്രം
തീവ്രവാദം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്നവർക്ക് വേദി നൽകരുതെന്ന് കേന്ദ്രം രാജ്യത്തെ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടു. സർക്കാർ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നു ണ്ടെങ്കിലും ടിവി ചാനലുകളും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളും നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നു.
‘നിയമം മൂലം ഇന്ത്യ നിരോധിച്ചിട്ടുള്ള ഒരു സംഘടനയിൽ പെട്ട, തീവ്രവാദം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ പങ്കാളിത്തമുള്ളയാളെ വിദേശരാജ്യത്ത് ഒരു ടെലിവിഷൻ ചാനലിൽ ചർച്ചയ്ക്ക് ക്ഷണിച്ചതായി കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ട വ്യക്തി രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഇന്ത്യയുടെ സുരക്ഷയ്ക്കും, വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരവും, രാജ്യത്തെ പൊതു ക്രമം തകർക്കാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുള്ളതാണ്.’ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു.
‘ഗുരുതരമായ കുറ്റകൃത്യങ്ങൾ/ഭീകരപ്രവർത്തനങ്ങൾ, നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളിൽപ്പെട്ടവർ എന്നിവരെക്കുറിച്ചുള്ള റിപ്പോർട്ടുകൾ/റഫറൻസുകൾ, വീക്ഷണങ്ങൾ/അജണ്ടകൾ എന്നിവയ്ക്ക് ഒരു വേദിയും നൽകരുതെന്നും ഇത്തരം പ്രവർത്തിയിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശിക്കുന്നു’ എന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.