Latest News

കാവേരി നദീജല തർക്കം പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്‌ച ബെംഗളൂരു ബന്ദ്

Published

on

കാവേരി നദീജലത്തിനായി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം വീണ്ടും പ്രക്ഷോഭങ്ങളിലേക്ക്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. കർണാടകയിലെ അണക്കെട്ടുകളിൽ നിന്ന് തമിഴ്‌നാടിന് കാവേരിയിലെ ജലം വിട്ടുനൽകുന്നതിനെതിരെ 300-ലധികം സംഘടനകൾ ചൊവ്വാഴ്‌ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്‌തു.

ബന്ദിന്റെ സമയപരിധി സംഘടനകൾ വ്യക്തമാക്കാത്തത് കർണാടക സർക്കാരിനെ പോലും വെട്ടിലാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ ടൗൺ ഹാളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്ക് മാർച്ച് ചെയ്‌തെത്തി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കർണാടക സർക്കാരിന് നിവേദനം നൽകുമെന്നും ആക്‌ടിവിസ്‌റ്റും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ ചന്ദ്രു അറിയിച്ചിട്ടുണ്ട്. ‘തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നത് തടയുക, വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിക്കുക’ എന്നിവയാണ് പ്രക്ഷോഭകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

വിഷയത്തിൽ പ്രതികരിച്ച കർണാടക ഉപമുഖ്യമന്ത്രിയും ജലസേചന വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഡികെ ശിവകുമാർ ‘അവർ സ്വീകരിക്കുന്നത് രാഷ്ട്രീയ നയമാണ്, കർണാടകയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞങ്ങൾ ഇവിടെ ഉള്ളതെന്നും, ആരും നിയമം കൈയ്യിലെടുക്കരുതെന്നും, ബന്ദ് നടത്തരുതെന്നും’ അഭ്യർത്ഥിച്ചിരിക്കുകയാണ്.

കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി, തമിഴ്‌നാടിന് 5,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് ആവശ്യപ്പെടുകയായിരുന്നു. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും (സിഡബ്ല്യുഎംഎ) കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും (സിഡബ്ല്യുആർസി) ഉത്തരവുകളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഉണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായത്. ‘കാവേരി വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങൾ ഏകദേശം 3.5 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയാണ്, ഇത് സെപ്റ്റംബർ 26 വരെ അത് തുടരും. തുടർന്ന് ഞങ്ങൾ ഞങ്ങളുടെ തീരുമാനം എടുക്കും’ ശിവകുമാർ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version