Latest News
കനേഡിയൻ സായുധ സേനയുടെ വെബ്‌സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമായി, ഇന്ത്യൻ ഹാക്കർമാരെന്ന് റിപ്പോർട്ട്
കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ബുധനാഴ്‌ച താൽക്കാലികമായി പ്രവർത്തനരഹിതമായി. ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ എന്ന ഹാക്കർമാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തതെന്നാണ് ഇത് സംബന്ധിച്ച് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തത്. സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ സൈബർ ഫോഴ്‌സ് എക്‌സ് പോസ്‌റ്റിലൂടെ ഏറ്റെടുത്തിട്ടുണ്ട്.
ഉച്ചയോടെയാണ് തടസ്സം ഉണ്ടായതെന്നും അത് പിന്നീട് പരിഹരിച്ചെന്നും കനേഡിയൻ പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷൻസ് മേധാവി ഡാനിയൽ ലെ ബൗത്തിലിയർ ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറയുകയുണ്ടായി. ബാധിക്കപ്പെട്ട വെബ് സൈറ്റ് കനേഡിയൻ ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും ദേശീയ പ്രതിരോധ വകുപ്പിന്റെ പൊതു വെബ്‌സൈറ്റുകളിൽ നിന്നും മറ്റ് ആന്തരിക നെറ്റ്‌വർക്കുകളിൽ നിന്നും വേറിട്ടതും, ഒറ്റപ്പെട്ടതുമാണ്. തങ്ങളുടെ സിസ്‌റ്റങ്ങളിൽ കാര്യമായ പ്രശ്‌നങ്ങൾ നേരിട്ടതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലെ ബൗത്തിലിയർ വ്യക്തമാക്കി.
സ്‌ക്രീൻഷോട്ട് എക്‌സ് പോസ്‌റ്റിലൂടെ പങ്കിട്ടു കൊണ്ട് ‘കനേഡിയൻ എയർഫോഴ്‌സ് വെബ്‌സൈറ്റ് നീക്കം ചെയ്‌തു’ എന്ന് ഇന്ത്യൻ സൈബർ ഫോഴ്‌സ് പ്രഖ്യാപിക്കുകയാ യിരുന്നു. എന്നാലും ചില ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമായിരുന്നു. മൊബൈലുകളിൽ സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
നാവികസേന, പ്രത്യേക കമാൻഡ് ഗ്രൂപ്പുകൾ, വ്യോമ, ബഹിരാകാശ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ കാനഡയിലെ എല്ലാ സൈനിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കനേഡിയൻ സേന സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനു മുൻപ് സെപ്റ്റംബർ 21ന് ഇന്ത്യൻ സൈബർ ഫോഴ്‌സ് കാനഡയ്ക്ക് എതിരെ ഭീഷണി മുഴക്കിയിരുന്നു. കനേഡിയൻ സൈബർസ്‌പേസിനെതിരായ ആക്രമണത്തിന്റെ ശക്തി നേരിട്ടറിയാൻ തയ്യാറായിരിക്കണമെന്ന് സോഷ്യൽ മീഡിയ വഴിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.