Latest News
ഇന്ത്യയിലെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് കാനഡ
ഇന്ത്യയിലെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി കാനഡ. ‘കാനഡയിലെയും ഇന്ത്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ കാനഡയ്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. ദയവായി ജാഗ്രത പാലിക്കുക’ കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ കാനഡയ്ക്കെതിരെ പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് കാനഡ, ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജാഗ്രത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.
കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയും നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച അവസാനത്തോടെ ഇന്ത്യ വിസ സേവനങ്ങള്‍ നിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നാണിതെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഉയർന്നതോടെയാണ് ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നത്.
ഇന്ത്യ 2020 ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇയാൾക്ക് പൗരത്വം നൽകുന്ന നടപടികളാണ് കാനഡ സ്വീകരിച്ചത്. കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. സംഭവത്തില്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഒട്ടാവ പുറത്താക്കിയതിന് പിന്നാലെ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കുകയും ഉണ്ടായി.