Latest News

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ആവർത്തിച്ച് കാനഡ

Published

on

ന്യൂയോർക്ക് . ഖലിസ്ഥാൻ തീവ്ര വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അങ്ങനെ കരുതുന്നതിന് വിശ്വസനീയമായ കാരണമുണ്ടെന്നു പറഞ്ഞ ട്രൂഡോ, അന്വേഷണത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ‌ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം വാർത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് ട്രൂഡോ മറുപടി നൽകാൻ കൂട്ടാക്കിയിട്ടില്ല.

‘കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്ക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയിൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണിൽ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങൾക്കില്ല’ ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിറകെയാണ് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുന്നത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ മറുപടി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version