Latest News
ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി
ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച പിറകെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയോട് രാജ്യം വിടാൻ കാനഡ നിർദേശം നൽകിയിരിക്കുകയാണ്.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിറകെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മോശമാക്കി കാനഡ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കുന്നത്.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അൽ ജസീറ ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്ന നിലയിൽ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത്’ – മെലാനി ജോളി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരിക്കുന്നു.