Latest News
കാളയുടെ തലച്ചോർ, വൃഷണം എന്നിവ പച്ചക്ക് ചുടുചോരയുമായി തിന്നുന്ന ലിവർ കിങ്ങിന്റെ കള്ളി വെളിച്ചത്തായി
കാളയുടെ തലച്ചോർ, വൃഷണം എന്നിവ പച്ചക്ക് ചുടുചോരയുമായി അകത്താക്കുന്ന ലിവർ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോൺസൻ സാമൂഹ്യ മാധ്യമങ്ങളിൽ താരമാണ്. പ്രാചീന മനുഷ്യരുടെ ജീവിതശൈലിയിലൂടെ സൃഷ്‌ടിച്ചെടുത്തതാണ് തന്റെ ഉരുക്ക് ഉരുക്ക് പേശികൾ എന്ന് ഇന്നലെ വരെ അവകാശപ്പെട്ടിരുന്ന ബ്രയാൻ ജോൺസന്റെ വീഡിയോകൾ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. പന്നിയുടെ കരൾ കൂടുതലായി ഭക്ഷിച്ച് ഉണ്ടാക്കിയെടുത്തതാണ് തന്റെ മസിലുകൾ എന്നാണ് ലോകത്തെ ബ്രയാൻ വിശ്വസിപ്പിച്ചു വന്നിരുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇയാളെ ആരാധിക്കുകയും ഡയറ്റ് ഫോളോ ചെയ്യാൻ തുടങ്ങുകയും ചെയ്തിരുന്നത്. സ്വന്തം ഭാര്യയെ ലിവർ ക്യൂൻ എന്നാണ് ബ്രയാൻ അഭിസംബോധന ചെയ്ത് വന്നിരുന്നത്.
യൂട്യൂബിലൂടെ ബ്രയാൻ ജോൺസൺ പുറത്തുവിട്ട വീഡിയോകളിലൂടെയും വിവരങ്ങളിലൂടെയുമല്ലാതെ പുറം ലോകത്തിന് അധികമൊന്നും ഇയാളെകുറിച്ച് അറിവില്ല. പിന്നെ നാല് കമ്പനികളുടെ സിഇഒ ആണെന്നും അറിയാമായിരുന്നു. എന്നാൽ അതും എത്രത്തോളം സത്യമാണെന്ന് അറിവുണ്ടായിരുന്നില്ല. ഇയാളെ പറ്റി ഇയാൾ പറഞ്ഞത് മാത്രമായിരുന്നു ഏവർക്കും അറിവുണ്ടായിരുന്നത്.
അമേരിക്കയിലെ സാൻ ആന്റോണിയയിൽ 1977 ഏപ്രിൽ 7ന് ആണ് ബ്രയാൻ ജോൺസൺ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. മറ്റു കുട്ടികളെ അപേക്ഷിച്ച് ചെറിയ ശരീരമായിരുന്നതിനാൽ കൂട്ടുകാർ പലപ്പോഴും കളിയാക്കുമായിരുന്നു. ദി ആൻസസ്ട്രൽ ലൈഫ് സ്‌റ്റൈൽ എന്ന പേരിൽ ആരംഭിച്ച ഹെൽത്ത് പ്രോഗ്രാമാണ് ലിവർ കിംഗിനെ പ്രശസ്തനാക്കുന്നത്. ഇതിനായി തന്റേതായ ഒമ്പത് സിദ്ധാന്തങ്ങൾ ഇയാൾ അവതരിപ്പിക്കുകയായിരുന്നു. പുരാതനമായ ജീവിതശൈലി അവലംബിക്കുന്നതിലൂടെ യഥാർത്ഥ ആരോഗ്യത്തിന് തടസമായി നിൽക്കുന്ന പലതും മറികടക്കാൻ കഴിയുമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
ടെക്‌സസിലെ ഓസ്‌റ്റിനിൽ 8300 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ളാവിലാണ് ലിവർ കിംഗും കുടുംബവും താമസിച്ചു വന്നിരുന്നത്. ഒപ്പം രണ്ട് ഡോബർമാൻ നായ്‌ക്കളുമുണ്ട്. പ്ളൈവുഡിൽ പണികഴിപ്പിച്ച കട്ടിലിൽ കമ്പിളി വിരിച്ചാണ് താനും ഭാര്യയും കിടക്കുന്നതെന്നാണ് ഇയാൾ പറയുമായിരുന്നത്. മൊബൈൽ ഫോൺ സിഗ്നലുകളെ പ്രതിരോധിക്കുന്നതിന് കിടപ്പു മുറികളിൽ ഫാരഡേ കർട്ടനുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും, ഒരു മില്യൺ ഡോളറിനടുത്താണ് ബ്രയാന്റെ സമ്പാദ്യമെന്നും ഒക്കെ പറഞ്ഞിരുന്നു. സ്വന്തം ഹെൽത്ത് സപ്ളിമെന്റ് കമ്പനിയിൽ നിന്നുള്ള വരുമാനമാണ് ഇയാളുടെ പ്രധാന വരുമാന മാർഗം.
സത്യത്തിൽ ഒരു സാധാരണക്കാരന് ഒരിക്കലും പിന്തുടരാൻ കഴിയാത്ത ഡയറ്റാണ് തന്റെ ഫോളോവേഴ്‌സിനോട് ഇയാൾ പറയാറുള്ളത്. കാളയുടെ തലച്ചോർ, വൃഷണം, കരൾ, പച്ചമുട്ട, എല്ലിന്റെ മജ്ജ, പച്ചപ്പാൽ, പച്ച മീൻ എന്നിവയാണ് അതേ രൂപത്തിൽ അകത്താക്കുന്നതായി വീഡിയോകളിലൂടെ ബ്രയാൻ ആരാധകരെ കാണിച്ചു കൊടുത്ത കൊണ്ടിരുന്നു. പൂർവികർ ഇത്തരത്തിൽ ജീവികളെ പച്ചയോടെ ഭക്ഷിച്ചതുകൊണ്ടാണ് കരുത്തരായിരുന്നതെന്നും ലിവർകിംഗ് അവകാശപ്പെട്ടിരുന്നു.
ഇപ്പോഴിതാ, ലിവർ കിംഗിന്റെ പൊള്ളത്തരവും പുറത്തായിരിക്കുകയാണ്. പ്രകൃതി ജീവനത്തിലൂടെയല്ല, നല്ല ഒന്നാന്തരം സ്റ്റിറോയിഡുകൾ കുത്തിവച്ചിട്ടു തന്നെയാണ് ഇയാൾ മസിലുകൾ വീർപ്പിച്ചെടുത്തതെന്ന് തെളിവുകൾ സഹിതം കോടതിയ്‌ക്ക് മുന്നിൽ പരാതി എത്തുകയായിരുന്നു. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് 25 മില്യൺ ഡോളറിന്റെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാർ കോടതിയെ സമീപിക്കുന്നത്. ഒരു ഇമെയിൽ സന്ദേശം ചോർന്നത് വഴിയാണ് ബ്രയാന്റെ തട്ടിപ്പ് പുറത്താവുന്നത്. എല്ലാ ആഴ്‌ചയും 120 ഗ്രാം വീതം ടെസ്‌റ്റോസ്റ്റിറോൺ ഹോർമോൺ കുത്തിവെക്കാറുണ്ടെന്നു ബ്രയാൻ ഒടുവിൽ വെളിപ്പെടുത്തി. പ്രതിമാസം 11000 ഡോളറിന്റെ ഹെൽത്ത് സപ്ളിമെന്റുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും തെളിഞ്ഞിരിക്കുകയാണ്.