Crime

വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെതിരെ കൈക്കൂലി പരാതി

Published

on

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെതിരെ കൈക്കൂലി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിനായി മന്തിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായിട്ടാണ് പരാതി. അഖില്‍ മാത്യുവിനു നിയമനത്തിനായി ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്.

സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി അഖില്‍ സജീവ് ഇടനിലക്കാരനായി നിന്നാണ് സ്റ്റാഫായ അഖില്‍ മാത്യു പണം വാങ്ങിയതെന്നും ആരോപിച്ചിട്ടുണ്ട്. ഇത് പരാതിയില്‍ പറയുന്നുണ്ട്. എന്നാൽ സ്റ്റാഫായ അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി. സംഭവത്തിൽ കന്റോണ്‍മെന്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇത് സംബന്ധിച്ച മന്ത്രി വീണ ജോർജിന്റെ പ്രതികരണം ഇങ്ങനെ. ‘പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പേഴ്‌സനല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ അയാള്‍ വിശദീകരിക്കുകയുണ്ടായി. തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പോലീസിനു കൈമാറി.’ മന്ത്രി പറഞ്ഞിരിക്കുന്നു.

‘ഇതിനുപിന്നിൽ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടണമെന്ന് പേഴ്‌സനല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ ചെയ്യാത്ത കാര്യമാണ് തനിക്കു മേല്‍ ആരോപിക്കപ്പെട്ടതെന്ന് പേഴ്‌സനല്‍ സ്റ്റാഫംഗം പറയുന്നതിനാല്‍, അതും ഒരു പരാതിയായി നല്‍കണമെന്ന് സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തും. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും’, വീണാ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version