Culture
തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ബ്രഹ്‌മോത്സവത്തിന് തുടക്കം
തിരുപ്പതി . തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ബ്രഹ്‌മോത്സവത്തിന് തുടക്കം. തിങ്കളാഴ്ച ആരംഭിക്കുന്ന ബ്രഹ്‌മോത്സവം സെപ്തംബർ 26-ന് ആണ് അവസാനിക്കുക. ബ്രഹ്‌മോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ യാഗശാലയിൽ ക്ഷേത്ര പൂജാരിമാർ അങ്കുരാർച്ചന നടത്തി. ആഗമ ശാസ്ത്ര പ്രകാരം എല്ലാ വേദ ഉത്സവങ്ങൾക്കും മുമ്പാണ് അങ്കുരാർച്ചന നടത്താറുള്ളത്.
നിരവധി ഭക്തരാണ് ബ്രഹ്‌മോത്സവത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മഹോത്സവമായാണ് ബ്രഹ്‌മോത്സവം കണക്കാക്കപ്പെടുന്നത്. ധാന്യങ്ങൾ മുളപ്പിച്ച് പ്രാർത്ഥിച്ചാൽ ഭൂമി മുഴുവൻ ഐശ്വര്യം കൈവരിക്കുമെന്നാണ് വിശ്വസിക്കുന്നത്. അങ്കുരാർച്ചനയുടെ ഭാഗമായി ക്ഷേത്രത്തിലെ നാല് തെരുവുകളിലും തിങ്കളാഴ്ച ഘോഷയാത്ര നടക്കും.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എസ് ജഗൻ മോഹൻ റെഡ്ഡി ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. പിന്നീട് വെങ്കിടേശ്വര സ്വാമിയ്‌ക്ക് പട്ട് പുടവകളുടെ സമർപ്പണം നടക്കും. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.