Culture
ഗുരുവായൂരിൽ ആടി തിമിർത്ത ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തിരുപ്പതി ക്ഷേത്രത്തിൽ ഉറിയടിച്ച് നൃത്തമാടും
തൃശൂർ . ഗുരുവായൂരിൽ ജന്മാഷ്ടമി ദിനത്തിൽ ആടി തിമിർത്ത ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തിരുപ്പതി ക്ഷേത്രത്തിൽ ഉറിയടിച്ച് നൃത്തമാടും. തിരുമല തിരുപ്പതി ദേവസ്ഥാനത്ത് 17-ന് തുടങ്ങുന്ന ബ്രഹ്‌മോത്സവത്തിൽ 22 നാണ് ഗുരുവായൂർ നിന്നുള്ള സംഘം ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കുക. അഷ്ടമിരോഹിണി നാളിൽ മമ്മിയൂർ ക്ഷേത്രത്തിൽ ആഘോഷങ്ങളിൽ ഉറിയടിക്കുന്ന കൃഷ്ണനും സതീർഥ്യരും ഗോപികാനൃത്തവും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഉറിയടിയ്‌ക്കായി കണ്ണന്മാരെയും സംഘത്തെയും തിരുപ്പതി മഹോത്സവത്തിൽ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം ആണ് ലഭിക്കുന്നത്. ഉറിയടിക്കായി കായംകുളത്ത് നിന്നുള്ള മേള സംഘവും ഇവർക്കൊപ്പം പങ്കുചേരും. 23-ന് ഗുരുവായൂർ സംഘത്തിന്റെ തിരുവാതിരകളിയും തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ഉണ്ടാകും. അമ്പതിലേറെ പേരാണ് രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുകാനായി തിരുപ്പതിക്ക് പോവുന്നത്.