Latest News
സഹകരണ ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചു, തൃശ്ശൂരിലും കൊച്ചിയിലുമടക്കം 9 ഇടങ്ങളിൽ ഇഡിയുടെ റെയ്ഡ്
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിറകെ തൃശൂരും, കൊച്ചിയിലും ഇ ഡിയുടെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡിയുടെ പരിശോധന നടക്കുന്നത്. അയ്യന്തോൾ സഹകരണ ബാങ്കിലും തൃശൂർ സർവ്വീസ് സഹകരണ ബാങ്കിലും ഇഡി പരിശോധന നടക്കുകയാണ്. കള്ളപ്പണ കേസുമായി ബന്ധമുളള ചില ആധാരം എഴുത്തുകാരുടെ വീടുകളിലും മുഖ്യപ്രതി സതീഷിന്റെ ബിനാമികളുടെ വീടുകളിലും ഇഡി റെയ്ഡ് നടക്കുകയാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിൽ നിന്ന് സതീഷ് കുമാർ 40 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്ക് സതീഷ് പണം നിക്ഷേപിച്ചതിന് ശേഷം പിൻവലിക്കുകയായിരുന്നു. ഇത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്. തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സിപിഎം നേതാവ് എം.കെ. കണ്ണൻ ആണ്. ഇ ഡി റെയ്ഡ് നടക്കുന്നത് കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് എന്നതാണ് ശ്രദ്ധേയം.