Latest News
പ്രതിപക്ഷ സഖ്യത്തിന് കാഴ്ചപ്പാടും ലക്ഷ്യവും ഇല്ല, ഇന്നല്ലെങ്കിൽ നാളെ കേരളം ബിജെപി ഭരിക്കും – അനിൽ കെ ആന്റണി
കോട്ടയം . പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാടും, ലക്ഷ്യവും എന്തിന് ഒരു നേതാവ് പോലും ഇല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സ്വന്തം ജനങ്ങളോട് പോലും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നീതി പുലർത്തുന്നില്ല. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും മറ്റ് 24 പാർട്ടിക്കാരും ഒന്നിക്കുന്ന ഐ.എൻ.ഡി.ഐ.എ എന്ന മുന്നണിക്ക് ഒരു നേതാവ് പോലും ഇല്ല. ആ പാർട്ടികൾ എല്ലാം ഒരുമിക്കുന്നത് ഒരേ ഒരു കാര്യത്തിന് വേണ്ടി മാത്രമാണ്, നരേന്ദ്രമോദിയെ താഴെയിറക്കുക എന്നത് മാത്രമാണ് അവരുടെ ലക്‌ഷ്യം – അനിൽ കെ ആന്റണി പറഞ്ഞു.
പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്‌ട്രീയ തിരഞ്ഞെടുപ്പാണ്. അവിടെ വ്യക്തി ബന്ധങ്ങൾക്ക് സ്ഥാനമില്ല. എനിക്ക് വ്യക്തിപരമായി ബന്ധമുള്ള ആളാണ് ചാണ്ടി ഉമ്മൻ. എന്നാൽ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല പുതുപ്പള്ളിയിൽ നടക്കുന്നത്. ആശയപരമായ, രാഷ്‌ട്രീയപരമായ തിരഞ്ഞെടുപ്പാണ്. കേരളത്തിനെയും ഇന്ത്യയേയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് ഒരു രാഷ്‌ട്രീയ പാർട്ടിക്കേ സാധിക്കൂ, അത് ബിജെപിക്ക് മാത്രമാണ്. നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് മാത്രമാണ് അതിനു കഴിയുക. ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ നേതാവും ലോകത്തിലെ ഏറ്റവും ജനസമ്മതനായ പ്രധാനമന്ത്രിയും നരേന്ദ്രമോദിയാണെന്ന് അനിൽ ആന്റണി വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാടും ലക്ഷ്യവും ഇല്ല. എന്തിന്,ഒരു നേതാവ് പോലും ഇല്ല. ഇങ്ങനെയുള്ളവർ ഒരുമിക്കുന്നത് ഇന്ത്യയ്‌ക്കും കേരളത്തിനും ഒരു ഓപ്ഷനേ ആവുന്നില്ല. പുതുപ്പള്ളി മണ്ഡലം ഒരു തുടക്കമാണ്. ഇത് വെറും ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമല്ല, മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്. 1984- ൽ ബിജെപിക്ക് രണ്ട് സീറ്റുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, 13 വർഷം കൊണ്ട് അഖിലേന്ത്യ തലത്തിൽ ഈ പാർട്ടി സർക്കാരുണ്ടാക്കി. 20-25 വർഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി. ഇത് കേരളത്തിലും നടക്കും. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറും. ഇന്നല്ലെങ്കിൽ നാളെ കേരളം ബിജെപി ഭരിക്കുമെന്നും അനിൽ ആന്റണി പറയുകയുണ്ടായി.