Latest News

ഉദയനിധിയുടെ സനാതന ധർമ പരാമർശത്തിൽ സോണിയയും രാഹുലും മറുപടി പറയണമെന്ന് ബിജെപി

Published

on

ന്യൂ ഡൽഹി . ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി ആവർത്തിച്ചു. മുംബൈയിലെ യോ​ഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോ ഹിന്ദു വിശ്വാസത്തെ ആക്രമിക്കാനെന്നത് എന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉന്നയിച്ചത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നും ആയിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.

ഉദയനിധിയുടെ പരാമർശത്തെ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗം പരസ്യമായി തള്ളിപ്പറഞ്ഞു. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നായിരുന്നു ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version