Latest News

കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ച് തുടച്ചെടുത്ത് സി പി എം നേതാക്കൾ, എ.സി.മൊയ്തീന്റെ ബിനാമികൾ അറസ്റ്റിൽ

Published

on

കൊച്ചി . കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ ബിനാമികൾ അറസ്റ്റിലായി. സതീഷ്‌കുമാര്‍, ഇടനിലക്കാരന്‍ പി.പി.കിരണ്‍ എന്നിവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നത്. സി പി എം സഖാക്കൾ കൂട്ടത്തോടെ നടത്തിയ ബാങ്ക് കൊള്ളയിൽ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സതീഷ് കുമാര്‍ കേസിലെ പ്രധാന പ്രതിയാണെന്നും ഇരുവര്‍ക്കും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇ ഡി അറിയിച്ചു.
കിരണ്‍ കുമാര്‍ പല പേരുകളിലായി 14 കോടി രൂപയാണ് ബാങ്കിൽ നിന്നും തട്ടിയെടുത്തത്. കിരണ്‍ തട്ടിയെടുത്ത ലോണ്‍ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നിരിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി 3 ദിവസം ചോദ്യം ചെയ്തതിൽ പിന്നെ ഇന്നലെ രാത്രി 10 മണിയോടെ സതീഷ്‌കുമാര്‍, കിരണ്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൊയ്തീനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന സിപിഎം ജില്ലാ നേതാവായ സി.കെ.ചന്ദ്രന്‍, ബിജു കരിം എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

അറസ്റ്റ് ഭയന്ന് കേസില്‍ മുന്‍മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എ തിങ്കളാഴ്ചയും ഇ ഡി ക്ക് മുന്നിൽ ഹാജരായില്ല. ഇ.ഡി നോട്ടീസ് നല്‍കി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീന്‍ ഹാജരാകാതെ വിട്ടു നില്‍ക്കുന്നത്. മൊയ്തീന് എതിരെ നിയമനടപടി ശക്തമാക്കാന്‍ ഇ.ഡി. നിയമോപദേശം തേടിക്കഴിഞ്ഞു. 14നു ഹാജരാകാം എന്നാണു മൊയ്തീന്‍ അറിയിച്ചതെങ്കിലും കുടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലേക്കാണ് ഇ.ഡിയുടെ നീക്കം. മൊയ്തീന്‍ നിയമസഭാ കമ്മറ്റിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്.

300 കോടി രൂപയുടെ വായ്പത്തട്ടിപ്പില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ് ഇ.ഡിയും സമാന്തര അന്വേഷണം ആരംഭിക്കുന്നത്. നിക്ഷേപകര്‍ അറിയാതെ അവരുടെ പേരില്‍ കോടികളുടെ ബെനാമി വായ്പ ഇടപാടുകള്‍ നടത്തുകയായിരുന്നു സി പി എം നേതാക്കൾ. നോട്ടു നിരോധനത്തിനിടെ, ബാങ്കിന്റെ മറവിൽ വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കൂടി ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്.

(വാൽ കഷ്ണം : കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിജയ രഹസ്യം കരുവന്നൂര്‍ ബാങ്കിൽ നിന്ന് പഠിക്കാൻ ചൈന ഉൾപ്പടെ വിദേശ രാജ്യങ്ങളിൽ നിന്ന് ഗവേഷണ വിദ്യാർത്ഥികളുടെ പ്രവാഹം ഉണ്ടാകാൻ സാധ്യത)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version