Crime
ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം തമിഴ്‌നാട്ടിൽ ഡിഎംകെ കൗൺസിലറുടെ വീട്ടിൽ ഉൾപ്പടെ എൻ ഐ എ റെയ്ഡ്
ചെന്നൈ . ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം നടക്കുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ ഡിഎംകെ കൗൺസിലറുടെ വീട്ടിൽ ഉൾപ്പടെ എൻ ഐ എ റെയ്ഡ്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. രാവിലെ ആറ് മണിയോടെയാണ് കോയമ്പത്തൂരിലെ 23ഉം ചെന്നൈയിലെ മൂന്നും ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഡിഎംകെ കൗൺസിലർ മുബഷിറയുടെ വീട്ടിലും റെയ്ഡ് നടന്നതായി വിവരമുണ്ട്. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ഐഎസ് പദ്ധതിയിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്.
തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടക്കുകയാണ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് സൂചന ലഭിച്ച സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നു വരുന്നത്. കോയമ്പത്തൂരിലും ചെന്നൈയിലും ആണ് റെയ്ഡ് തുടരുന്നത്. മേഖലകളിൽ ഐഎസിന്‌റെ സിറിയ, ഇറാഖ് കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന കേന്ദ്രങ്ങളുണ്ടെന്നാണ് എൻ ഐ എ യുടെ കണ്ടെത്തൽ.
ഐഎസ്‌ഐഎസ് തൃശൂർ മൊഡ്യൂൾ കേസിലെ പ്രതിയായ സെയ്ദ് നബീൽ അഹമ്മദിനെ ചോദ്യം ചെയ്യുമ്പോഴാണ് പരിശീലന കേന്ദ്രങ്ങളുണ്ടെന്ന വിവരം ലഭിച്ചിട്ടുള്ളത്. ഭീകരസംഘടന ഒളിപ്പിച്ചുവച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്താൻ കൂടിയാണ് തിരച്ചിൽ. പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനായി ശ്രമം നടക്കുന്നുണ്ടെന്ന വിവരവും എൻഐഎയ്‌ക്ക് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർറ്റുകൾ പറയുന്നത്.