Latest News
ഓട്ടിസമുള്ള കുട്ടികളെ പഠിപ്പിക്കും, വെയിറ്ററായി ജോലി ചെയ്യും, റോബോട്ടുകളിൽ അത്ഭുതവുമായി അതാനു ഘോഷ്
ഹോട്ടലുകളില്‍ വെയിറ്ററായി ജോലി ചെയ്യും, ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കും, ഡെങ്കിപ്പനിപോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും, ആശുപത്രി ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി അതാനു ഘോഷ് നിര്‍മിച്ച റോബോട്ടുകൾ ഇതൊക്കെ ചെയ്യും. പിതാവിൽ നിന്ന് റോബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യാൻ പഠിച്ച അതാനു ഘോഷിൻറെ പിതാവ് നൃപേന്ദ്ര നാഥ് ഘോഷിനു കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ ഫിസിയോളജി വിഭാഗത്തില്‍ ഗവേഷണ ഉപകരണങ്ങള്‍ രൂപകല്പ്പന നല്‍കുന്ന ജോലിയായിരുന്നു. 1979-ല്‍ തന്റെ 18-ാമത്തെ വയസ്സിലാണ് അതാനു ഘോഷ് റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റോബോട്ട് നിര്‍മ്മിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ അതിനു അഭിനന്ദിച്ചിരുന്നു.
കോവിഡ് കാലത്ത് കോവിഡ് രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ അതാനു റോബോട്ട് നിര്‍മിച്ചിരുന്നു. കൃതി എന്നാണ് അതിന് പേര് നല്‍കിയിരുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. 2023-ല്‍ അടുത്ത റോബോട്ടിന് രൂപം നല്‍കി. ‘ബ്രാവോ എന്ന് പേരിട്ട ഈ റോബോട്ടിനെ ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ വാക്കുകള്‍ പഠിപ്പിക്കുന്നതിനും നിറങ്ങളെയും രൂപങ്ങളെയും പരിചയപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും ഹോട്ടലുകളില്‍ വെയിറ്ററായും ഈ റോബോട്ടിനെ ഉപയോഗിക്കാം’ അതാനു പറയുന്നു.
ഈ റോബോട്ടുകള്‍ അതാനു ഘോഷ് ഇതുവരെ സ്വന്ത ചെലവിലാണ് നിര്‍മിച്ചത്. സര്‍ക്കാരോ മറ്റ് സംരംഭകരോ സാമ്പത്തികമായി സഹായിക്കുകയാണെങ്കില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇത്തരം റോബോട്ടുകള്‍ കൂടുതലായി നിര്‍മിക്കാന്‍ കഴിയുമെന്നും അതാനു അവകാശപ്പെടുന്നുണ്ട്.
‘പെട്ടെന്ന് കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടിലിരുന്നാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചത്. അവയില്‍ ചില ഘടകഭാഗങ്ങള്‍ പണം നല്‍കാതെ ലഭിച്ചതാണ്’ അതാനു ഘോഷ് പറയുന്നു. ഇത് എന്റെ അതിയായ ആഗ്രഹത്തിന്റെ ഫലമായി നിര്‍മിച്ചതാണ്. അതിനാല്‍, ചെലവ് എത്രയെന്ന് കണക്കുകൂട്ടിയിട്ടില്ല. കുറച്ചുകൂടി മികച്ച രീതിയില്‍ നിര്‍മിക്കുന്നതിന് ഒരു വ്യവസായി എന്നെ സമീപിച്ചിട്ടുണ്ട്’ അതാനു ഘോഷ് പറഞ്ഞു.