Crime
അറസ്റ്റ് മണക്കുന്നു, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പങ്കുള്ള സി പി എം നേതാക്കളിൽ ആശങ്ക
കോഴിക്കോട് . ചില സി പി എം നേതാക്കളുടെ സഹായത്തോടെ നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ അറസ്റ്റുകൾക്ക് സാധ്യത. ഇ ഡി യുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ തിങ്കളാഴ്ച അവസാനിക്കും. മുൻമന്ത്രി എസി മൊയ്തീനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ഒരിക്കൽ ചോദ്യം ചെയ്ത് വിട്ടയച്ച മുൻ മന്ത്രി എസി മൊയ്തീനെ രണ്ടാം ഘട്ടമായാണ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നത്. ഈ ഘട്ടത്തിൽ കൂടുതൽ അറസ്റ്റുകളും ഉണ്ടാകും.
ബാങ്ക് മുൻ മാനേജർ ബിജു കരിം, സെക്രട്ടറി സുനിൽ കുമാർ, അനിൽ സേഠ്, സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി പലതവണ ചോദ്യം ചെയ്തിരുന്നു. പിന്നാലെ കിരണിനെയും, സതീഷിനെയും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. കൗൺസിലർമാരായ അനൂപ് ഡേവിസ് കാട്, പി ആർ അരവിന്ദാക്ഷൻ എന്നിവരെ തുടർച്ചയായി ഇഡി ചോദ്യം ചെയ്തിരുന്നെങ്കിലും തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയെയും പ്രധാന സാക്ഷികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഏഴ് ദിവസത്തോളമെടുത്ത് പല തവണയാണ് ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം 2021 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.
മുഖ്യ പ്രതി സതീഷ് കുമാറിന്റെ ഇടപാടുകളും മൊഴികളും മുൻ മന്ത്രി എ സി മൊയ്തീനും ചില സി പി എം നേതാക്കൾക്കും കുരുക്കാവും. സതീഷ് കുമാറിന്റെ മുഴുവൻ ഡിജിറ്റൽ തെളിവുകളും ഇഡിയുടെ കൈവശമുണ്ട്. സതീഷ് കുമാറിന്റെ ഫോൺ റെക്കോർഡുകളും പ്രധാന തെളിവായി ഇ ഡി കാണുന്നുണ്ട്. സതീഷിന്റെ ഇടനിലക്കാരൻ കെഎ ജിജോറിനെയും, ബിനാമി ഇടപാടുകൾ നടത്തുന്ന അനിൽ സേഠിനെയും ഫോൺ രേഖകാലും തട്ടിപ്പിന്റെ ചുരുളുകൾ അഴിക്കുന്നതാണ്.