Culture

ശബരിമല ദർശനത്തിന് പോകാനൊരുങ്ങിയ ഫാ ഡോ.മനോജിന് ആംഗ്ളിക്കൻ സഭയുടെ വിലക്ക്

Published

on

തിരുവനന്തപുരം . വ്രതം എടുത്ത് ശബരിമല ദർശനത്തിന് പോകാനൊരുങ്ങിയ ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ.മനോജിന് ആംഗ്ളിക്കൻ സഭയുടെ വിലക്ക്. വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും ആംഗ്ളിക്കൻ സഭ റെവറന്റ് ഡോ.മനോജിൽ നിന്ന് മടക്കി വാങ്ങി. പൗരോഹിത്യം ആജീവനാന്തകാലത്തേക്കായതിനാൽ അത് മാത്രം റദ്ദാക്കിയിട്ടില്ല.

സഭയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും, എന്നാൽ ആരെതിർത്താലും വ്രതം പൂർത്തിയാക്കി ശബരിമല ദർശനം നടത്തുമെന്നും ഫാദർ മനോജ് പ്രതികരിച്ചിട്ടുണ്ട്. വ്രതം പൂർത്തിയാവുന്ന ഈ മാസം ഇരുപതിന് തിരുമല മഹാദേവ ക്ഷേത്രത്തിൽ കെട്ടുനിറച്ച് ശബരിമലയ്ക്ക് പുറപ്പെടുമെന്നാണ് ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ.മനോജ് പറഞ്ഞിട്ടുള്ളത്.

യേശു നീക്കം ചെയ്ത പഴയനിയമത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെയുള്ള നടപടിയെന്ന് ഫാദർ മനോജ് ചൂണ്ടിക്കാട്ടി. ‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഇല്ല എന്നത് പഴയ നിയമത്തിലെ കൽപ്പനയാണ്. രണ്ട് കൽപ്പനകൾ മാത്രമാണ് യേശുദേവൻ പുതിയ നിയമത്തിൽ നൽകിയത്. പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും നീ സ്‌നേഹിക്കണം എന്നതാണ് ആദ്യത്തെ കല്പന എന്നും റെവറന്റ് ഡോ.മനോജ് പറഞ്ഞു.

ക്രിസ്ത്യാനികൾ ചർച്ചിലും ഹൈന്ദവർ ക്ഷേത്രത്തിലും ഇസ്ലാം മത വിശ്വാസികൾ മോസ്‌ക്കുകളിലും ആരാധിക്കുന്നത് ആ ദൈവത്തെ തന്നെയാണ്. രണ്ടാമത്തെ കല്പന മറ്റുള്ളവരെ നിന്നെപ്പോലെ സ്‌നേഹിക്കണമെന്നാണ്. അല്ലാതെ മറ്റുള്ളവരെ എതിർക്കാനോ അധിക്ഷേപിക്കാനോ അല്ല എന്നും റെവറന്റ് ഡോ.മനോജ് പറഞ്ഞു.

യേശുക്രിസ്തു പറഞ്ഞതുപോലെ, മനുഷ്യ നന്മ മാത്രമാണ് എന്റെ ലക്ഷ്യം. ആത്മീയ യാത്ര ശബരിമലയിൽ അവസാനിപ്പിക്കില്ല. ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമം നടത്തും. ശബരിമല ദർശനം നടത്താൻ വ്രതം നോക്കുന്നു എന്ന വാർത്ത വന്നതോടെ അതിശക്തമായ അധിക്ഷേപമാണ് ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഉണ്ടാവുന്നത്. പള്ളിയിൽ സുവിശേഷം പ്രസംഗിക്കുന്ന വൈദികൻ പോലും അസഭ്യം പറഞ്ഞു എന്നാണ് റെവറന്റ് ഡോ.മനോജ് പറഞ്ഞിരിക്കുന്നത്. ബംഗളൂരുവിൽ കുടുംബസമേതം സ്ഥിരതാമസക്കാരനായ മനോജ് അവിടെ സോഫ്ട് വെയർ എൻജിനീയറാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version