Latest News

കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ചെന്നൈയിൽ അറസ്റ്റിലായി

Published

on

ചെന്നൈ . കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ചെന്നൈയിൽ അറസ്റ്റിലായി. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന സയ്യിദ് നബീൽ അഹമ്മദാണ് എൻ ഐ എയുടെ പിടിയിലായത്. നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയിൽ നിന്നുമാണ് ഇയാളെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്.

പാലക്കാട് തൃശ്ശൂരിലും ഉൾപ്പെടെയുള്ള സമീപ ജില്ലകളിലും ഭീകരാക്രമണം നടത്താൻ ആയിരുന്നു സയ്യിദിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിട്ടിരുന്നത്. എൻ ഐ എ നടത്തിയ അന്വേഷണത്തിൽ ജുലായിലാണ് കേസുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ സയ്യിദ് നബീൽ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ആഴ്ചകളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു എൻഐഎ. ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് നിർണായക നീക്കത്തിനൊടുവിൽ ചെന്നൈയിൽ വച്ച് സയ്യിദിനെ എൻ ഐ എ പിടികൂടുന്നത്.

നേപ്പാളിലേക്ക് കടക്കാൻ രേഖകൾ ഉൾപ്പെടെ തയ്യാറാക്കി വരുന്നതിനിടെയാണ് സയ്യിദ് പിടിയിലാവുന്നത്. ഈ രേഖകൾ എൻഐഎ പിടിച്ചെടുത്തു. പാസ്‌പോർട്ട്, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ചു വരുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായ കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ നേരത്തെ എൻഐഎ പിടികൂടിയിരുന്നു. തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട വിവരം കിട്ടുന്നത്. കേരളത്തിൽ നിന്നും കടന്ന സയ്യിദ് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നു എൻഐഎ പറയുന്നു.

കേരളത്തിൽ അടുത്തിടെ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവർ ആളുകളെ റിക്രൂട്ട് ചെയ്തതെന്നാണ് കണ്ടെത്തൽ. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിവില താമസിക്കുന്നത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version