Crime
കാക്കിക്കുള്ളിലും ഭീകരർ, കേരളാ പോലീസിനുള്ളിലും ഭീകരബന്ധമുള്ളവർ ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി . കേരളാപോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന ജോലി ചില ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസുകാരുടെ വിവരങ്ങളാണ് കേന്ദ്ര ഐബി ശേഖരിച്ചിരിക്കുന്നത്.
കേരളാ പോലീസിന്റെ സൈബർ സെല്ലുകളിൽ ഉള്ള ചിലർ ഈ വിഷയത്തിൽ ഐബിയുടെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഐബി നിർദ്ദേശിച്ചിട്ടുള്ളതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഭീകരബന്ധം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സൈബർ സെൽ എസ്‌ഐയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കോട്ടയം സൈബർ പോലീസ് സ്‌റ്റേഷൻ ഗ്രേഡ് എസ്ഐ പി.എസ് റിജുമോനെയാണ് സസ്‌പെൻഡ് ചെയ്യുന്നത്.
പോലീസ് സേനയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എൻഐഎയുടെ നിർദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് പി.എസ് റിജുമോനെ സസ്‌പെൻഡ് ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഇയാൾ ചോർത്തി നൽകിഎന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. പോപ്പുലർ ഫ്രണ്ട് ഭീകരൻ താരിഷ് റഹ്‌മാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ നിർദ്ദേശത്തെ തുടർന്നാണ് കേരള പോലീസ് നടപടി സ്വീകരിക്കുന്നത്.