Crime
സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഭീഷണി : ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ ഇട്ടു
2023 ൽ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഭീഷണി മുഴക്കിയതിന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെയാണ് പോലീസ് കേസെടുത്തത്.
പന്നൂസിന്റേതായി വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് അഹമ്മദാബാദിലെ സൈബർ ക്രൈം ഡിസിപി അജിത് രാജിയനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ഭീഷണി കോളുകൾ ലഭിച്ചെന്ന് പരാതിപ്പെട്ട് നാട്ടുകാരിൽ ചിലരും അഹമ്മദാബാദ് പോലീസിനെ സമീപിച്ചിരുന്നതാണ്. ‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും.., ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്.’ മുൻകൂട്ടി റൊക്കോഡ് ചെയ്ത ഭീഷണി സന്ദേശത്തിൽ പന്നൂൻ പറഞ്ഞിരുന്നു.
തീവ്രവാദ വിരുദ്ധ ഫെഡറൽ ഏജൻസി 2019 ലാണ് പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. അന്നുമുതൽ അന്വേഷണ ഏജൻസിയുടെ റഡാറിലാണ് പന്നൂൻ ഉള്ളത്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന പന്നൂൻ, പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളിലൂടെ ഭീകരത സൃഷ്ടിക്കുകയാണ്.
2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും കഴിഞ്ഞ വർഷം നവംബർ 29 ന് അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുവേദികളിൽ ഭീഷണികൾ പുറപ്പെടുവിച്ച് പന്നൂൻ വാർത്തകളിൽ ഇടം നേടിയിരുന്നു.