Entertainment
ഇന്ത്യൻ സിനിമയ്ക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ എന്ന് ഐശ്വര്യ ലക്ഷ്മി
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ്മാനമാണ് ദുൽഖർ സൽമാനെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരേയും മലയാള സിനിമക്ക് ലഭിച്ചത് ഭാഗ്യമാണെന്നും ഇരുവരുടേയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരിക്കുന്നു. മുംബൈയിൽ നടന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ്, മമ്മൂട്ടിയേയും ദുൽഖർ സൽമാനേയും കുറിച്ച് ഐശ്വര്യ ലക്ഷ്മി വാചാലയാവുന്നത്.
‘ഇന്ത്യൻ സിനിമയ്ക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ. ദുൽഖറിന് ഇത്രയും നല്ല ക്വാളിറ്റികൾ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്ക് അറിയാം. കാരണം ഞാൻ മുൻപ് മമ്മൂക്കയ്‌ക്കൊപ്പനും വർക്ക് ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. ദുൽഖറിന്റേയും ആരാധികയാണ് ഞാൻ. ഇതെന്റെ ഹൃദയത്തിൽ നിന്നാണ് പറയുന്നത്. ഇവർ രണ്ട് പേരെയും എനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് ഇവരെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്.’ ഐശ്വര്യ പറയുകയുണ്ടായി.
അതേസമയം ബുക്ക് മൈ ഷോയിൽ കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ലോകവ്യാപകമായി ഓഗസ്റ്റ് 24 നു കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തുകയാണ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു