Crime
ആലുവയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
കൊച്ചി . ആലുവയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ആലുവ ചാത്തൻ പുറത്ത് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാതക്കൾക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്.
താമസ സ്ഥലത്തിന് സമീപമുള്ള പാടത്ത് നിന്നും വിവസ്ത്രയായ നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. രാത്രിയിൽ ശക്തമായ മഴ പെയ്ത സമയത്തായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും കരുതുന്നു.
അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികരണവുമായി ദൃക്‌സാക്ഷിയായ സുകുമാരൻ എന്നയാൾ രംഗത്ത് വന്നിട്ടുണ്ട്. കുട്ടിയെ തട്ടി കൊണ്ട് പോകുന്നത് സുകുമാരൻ നേരിൽ കണ്ടിരുന്നു. രാത്രി രണ്ട് മണിയോടെ വീടിന്റെ ജനലിലൂടെ ശബ്ദം കേട്ട് നോക്കിയപ്പോൾ പെൺകുട്ടിയുമായി ഒരാൾ കടന്നു കളയുന്നത് കണ്ടതെന്നാണ് സുകുമാരൻ പറഞ്ഞിരിക്കുന്നത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ച് പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ച ശേഷം പോലീസിൽ വിവരം അറിയിച്ചുവെന്നും സുകുമാരൻ പറഞ്ഞു.