Latest News
ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി
ബെംഗളൂരു . രാജ്യത്തിന്റെ അഭിമാന സൂര്യ ദൗത്യം ആദിത്യ എൽ1 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. ഇക്കാര്യം ഐഎസ്ആർഒ സ്ഥിരീകരിച്ചു. എക്സിലൂടെ ഭ്രമണപഥം ഉയർത്തൽ വിജയകരമാണെന്നുള്ള വിവരം ഇസ്രോ പങ്കുവെച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ഐഎസ്ടിആർഎസിയിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നിയന്ത്രിച്ചിരുന്നത്.
നിലവിൽ ഭൂമിയോട് അടുത്ത് 245 കിലോമീറ്ററും ഭൂമിയിൽ നിന്ന് അകലെ 22,459 കിലോമീറ്ററും ദൂരത്തിലുമുള്ള ദീർഘവ്യത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിച്ചിട്ടുള്ളത്. അടുത്ത ഭ്രമണപഥം ഉയർത്തൽ പ്രക്രിയ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്നിന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഞായറാഴ്ച രാവിലെ 11.45-ന് നടന്ന ആദ്യ ഭ്രമണപഥം ഉയർത്തൽ പ്രക്രിയയിൽ, ഭൂമിയോട് ഏറ്റവും അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ നിന്നും ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുകയായിരുന്നു. ഇനി മൂന്ന് ഭ്രമണപഥം ഉയർത്തൽ കൂടിയാണ് ഐഎസ്ആർഒ ലക്ഷ്യമിട്ടിരിക്കുന്നത്. 16 ദിവസമാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ പേടകം ഉണ്ടാകുക. ശേഷം 125 ദിവസത്തെ യാത്ര പൂർത്തിയാക്കി പേടകം ലക്ഷ്യസ്ഥാനത്തെത്തുന്നതാണ്. ഉപഗ്രഹത്തിന്റെ ലക്ഷ്യ സ്ഥാനം, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1 പോയിന്റാണ്.