Latest News

ഭരണത്തിന്റെ പിൻബലമുണ്ട്, പിവി അൻവറിന്റെ കൈവശം അധികഭൂമിയും, ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു

Published

on

ഭരണത്തിന്റെ മറവിൽ ഏത് നിയമവും മറികടക്കാമെന്നു കേരള ജനതക്ക് മുന്നിൽ കാട്ടി കൊടുത്ത പിവി അൻവർ എം എൽ എ യുടെ കൈവശം 19 ഏക്കർ അധിക ഭൂമി ഉണ്ടെന്നു ലാൻഡ് ബോർഡിൻറെ കണ്ടെത്തൽ. അൻവർ 2007ൽ തന്നെ ഭൂപരിധി മറികടന്നിരുന്നു. വിഷയം ചൂണ്ടിക്കാട്ടി അൻവറിനും കുടുംബാംഗങ്ങൾക്കും ലാൻഡ് ബോർഡ് നോട്ടീസയച്ചിരിക്കുകയാണ്. അധികഭൂമി സംബന്ധിച്ച് ഒരാഴ്‌ചയ്ക്കകം അൻവർ വിശദീകരണം നൽകണം. ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കിയിരിക്കുകയാണ്.

അന്‍വറും കുടുംബവും ഭൂരിപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്‌മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയിട്ടുള്ളത്. മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

ആദ്യം 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ വിവരാവകാശ കൂട്ടായ്‌മ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്‌റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് 19 ഏക്കർ അധിക ഭൂമി ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്.

ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് 15 ഏക്കര്‍ ആണെന്നിരിക്ക നിലവിലെ കണക്കുകള്‍ വച്ചു തന്നെ ലാന്‍ഡ് ബോര്‍ഡിന് തുടര്‍ നടപടികളിലക്ക് ഇനി കടക്കാവുന്നതാണ്. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമാണ് ഭൂമി കൈവശമുളളതെന്ന് വാദിക്കുമ്പോഴും ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ അന്‍വറിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് നഗ്നമായ സത്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version