Latest News
കൃഷിമന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവരെ വേദിയിലിരുത്തി പൊരിച്ച് നടൻ ജയസൂര്യ
കൊച്ചി. കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ ജയസൂര്യ. ‘സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുന്നു.
ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ കർഷകർ അവർക്കായി തിരുവോണ ദിവസം പട്ടിണിയിരിക്കുകയാണ്. പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളി പുരളുന്നതിൽ ഇഷ്ടമല്ല എന്നാണ് മന്ത്രി പറഞ്ഞത്. എനിക്ക് പറയാനുള്ളത്, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് സർ ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല.’ കർഷകന്റെ ദുരിതം കളമശേരി കാർഷികോത്സവത്തിൽ ജയസൂര്യ ഒരു കർഷക നേതാവിനെ പോലെ തുറന്നടിച്ചു.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ പറഞ്ഞിട്ടുണ്ട്. പുതിയ തലമുറയിലുള്ള ചെറുപ്പക്കാർ കൃഷിയിലേക്ക് വരാൻ മടിക്കുന്നത് അവരുടെ മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്നും ജയസൂര്യ പറഞ്ഞു.
‘കർഷകരുടെ സഹായം ഒരു ദിവസം മൂന്ന് നേരം വെച്ച് വേണം എന്നത് നമ്മൾ അനുഭവിച്ചറിയുന്ന കാര്യമാണ്. അവരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിനം കടന്നുപോകാൻ കഴിയില്ല. എന്‍റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നടനാണ്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തി. അഞ്ച്, ആറ് മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട്. തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണ്. ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ കർഷകർ അവർക്കായി തിരവോണ ദിവസം പട്ടിണിയിരിക്കുകയാണ്.’ ജയ സൂര്യ പറഞ്ഞു. കൃഷിമന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവരെ വേദിയിലിരുത്തി കൊണ്ടായിരുന്നു ജയസൂര്യ ഇങ്ങനെ പറഞ്ഞത്.