Crime

കരുവന്നൂര്‍ ബാങ്ക് കൊള്ള: ഇടത്തും വലത്തും അഭിഭാഷകരുമായി എ സി മൊയ്തീൻ ഇ ഡി ക്ക് മുന്നിൽ

Published

on

തൃശൂര്‍ . കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒടുവിൽ ഹാജരായി. ഇടതും വലതും അഭിഭാഷകർ ക്കൊപ്പമാണ് മൊയ്തീൻ ഇ ഡി ക്ക് മുന്നിലേക്ക് എത്തുന്നത്. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കണമെന്ന് മൊയ്തീന് ഇഡിനേരത്തെ നിർദേശം നൽകിയിരുന്നതാണ്.

മൊയ്തീനെ കൂടാതെ തൃശൂര്‍ നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായ അനൂപ് ഡേവിസ്, വടക്കാഞ്ചേരി നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ കെ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരെയും തിങ്കളാഴ്ച ചോദ്യം ചെയ്യുന്നുണ്ട്. ഇവരെ കഴിഞ്ഞദിവസവും ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെ അടുത്തയാളായാണ് അരവിന്ദാക്ഷന്‍ വടക്കാഞ്ചേരിയില്‍ അറിയപ്പെടുന്നത്. അനൂപ് ഡേവിസ് തൃശൂര്‍ നഗരത്തില്‍ അടുത്തിടെ നടത്തിയ ഭൂമി ഇടപാടുകളും മറ്റുചില സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിച്ച് വരുകയാണ്.

‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ മൊയ്തീന്റെ കൈയില്‍ എത്തിയിട്ടുണ്ടെന്ന മറ്റു ചിലരുടെ മൊഴിയെ തുടർന്നാണ് മൊയ്തീനെ ചോദ്യം ചെയ്യുന്നത്. വ്യാജരേഖകൾ തയാറാക്കി കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമികൾ ലോൺ നേടിയത് എ. സി മൊയ്തീന്റെ സഹായത്തോടെ ആണെന്നാണ് ഇ ഡി പറയുന്നത്. ലോൺ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ പി. സതീഷ് കുമാര്‍ ബാങ്കില്‍ നിന്ന് പതിനാലര കോടി രൂപ തട്ടിയെടുത്തതായി വ്യക്തമായിരുന്നു. ഇയാളുടെ മൊഴിയിൽ മൊയ്തീന് പണം കൈമാറിയിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് മൊയ്തീനെ വിളിപ്പിച്ചിരിക്കുന്നത്.

മൊയ്‌ദീനെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിനു ശേഷം തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. മൊയ്തീന്റെ വീട്ടില്‍ നേരത്തെ ഇഡി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുള്ളതാണ്. സതീഷ് കുമാറും മൊയ്തീനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇഡി ശേഖരിച്ചിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരില്‍ രണ്ട് ബാങ്കുകളിലായി ഉണ്ടായിരുന്ന 28 ലക്ഷം രൂപയുടെ അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. സതീഷ് കുമാറിന്റെയും മൊയ്തീന്റെയും മറ്റ് ചില ബിനാമി ഇടപാടുകാരുടെയും പേരിലുള്ള 15 കോടിയോളം രൂപയുടെ ഭൂമി ക്രയവിക്രയവും മരവിപ്പിച്ചിരിക്കുകയാണ്.

സതീഷ് കുമാറിന്റെ മൊഴിയനുസരിച്ച് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ആലത്തൂര്‍ മുന്‍ എംപി പി.കെ. ബിജുവിനെതിരെയും സതീഷ് കുമാര്‍ മൊഴി നല്കിയിരിക്കുകയാണ്. അഞ്ചു കോടിയോളം രൂപ ബിജുവിന് കൈമാറി എന്നാണ് മൊഴിയിൽ പറയുന്നത്. രണ്ടു കോടിയും പിന്നെ മൂന്ന്‌കോടിയും രണ്ട് ഘട്ടങ്ങളായി കൈമാറി എന്നാണ് സതീഷ് കുമാറിന്റെ മൊഴി.

‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version