Latest News
ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ തിങ്കളാഴ്ചയും ഹാജരാകില്ല
കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ തിങ്കളാഴ്ചയും ഹാജരാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന പാർട്ടി നിലപാടിനെ തുടർന്നാണിതെന്നാണ് റിപ്പോർട്ടുകൾ. ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന സിപിഎം നിർദേശത്തെ തുടർന്നാണ് ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ ഇഡിയെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാനായില്ലെന്ന മറുപടിയാണ് ഇഡിയ്‌ക്ക് വിശദീകരണമായി മൊയ്‌ദീൻ നൽകിയിട്ടുള്ളത്.
ഇഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് രണ്ടാം തവണയാണ് എസി മൊയ്തീൻ അറിയിച്ചിട്ടുള്ളത്. ആഗസ്റ്റ് 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയിരുന്നത്. ഇഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ അന്ന് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശിച്ചു. എസി മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരെ ഇ ഡി ഇതിനകം ചോദ്യം ചെയ്യുകയുണ്ടായി.
ഇഡി ആവശ്യപ്പെട്ട ആദായ നികുതി രേഖകൾ പൊതു അവധി ദിനങ്ങൾ ആയതിനാൽ ശേഖരിക്കാൻ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും മൊയ്തീൻ അസൗകര്യം അറിയിരിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരായാൽ സിപിഎമ്മിന് തിരിച്ചടിയാകും. അറസ്റ്റ് ഉണ്ടാകുമോ എന്ന് വരെ സംശയം ഉണ്ട്. ഇതേതുടർന്നാണ് എസി മൊയ്തീനോട് ഹാജരാക്കുന്നതിൽ അസൗകര്യം അറിയിക്കാൻ പാർട്ടി നിർദ്ദേശം നൽകിയത് എന്നാണു റിപ്പോർട്ടുകൾ.