Crime
പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് ആസൂത്രിത കൊല
തിരുവനന്തപുരം . തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. പുറത്ത് വന്ന സി സി ടി വി ദൃശ്യങ്ങളിൽ തന്നെ പ്ലാൻ ചെയ്ത് കാത്ത് നിന്ന് വാഹനം ഇടിച്ചതെന്നു വ്യക്തമാണ്. കൊല്ലപ്പെട്ട ആദി ശേഖറിനോട് പ്രതി പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ വൈരാഗ്യം സ്ഥിരീകരിച്ചിട്ടുള്ളത്. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതാണ്. ഇക്കാര്യം ബന്ധുക്കളുടെ മൊഴിയിലും ഉണ്ട്.
ഒളിവിൽ പോയിരിക്കുന്ന പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്. ആദി ശേഖറെന്ന പത്താം ക്ലാസുകാരനെ ഓഗസ്റ്റ് 30-നാണ് പ്രതി പ്രിയരജ്ഞൻ കാറിടിച്ചു കൊലപ്പെടുത്തുന്നത്. സാധാരണ വാഹനാപകടം എന്ന് കരുതിയ കേസിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടതോടെയാണ് സംശയം ബലപ്പെടുന്നത്. അപകടത്തിന് അര മണിക്കൂർ മുമ്പ് കാർ സംഭവസ്ഥലത്തെത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.
കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ കുട്ടി തിരിച്ച് വീട്ടിലേയ്‌ക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മാറിയ അതേ നിമിഷം കാർ സ്റ്റാർട്ടാക്കിയ പ്രതി സൈക്കിളിലിരുന്ന ആദി ശേഖറിനെ ഇടിച്ച് തെറിപ്പിച്ച് കാർ ഓടിച്ച് പോവുകയായിരുന്നു. അതി ക്രൂരതയാണ് പ്രതി പത്താം ക്ലാസ്സുകാരനോട് കാട്ടിയത്. കഴിഞ്ഞ ഏപ്രിലിൽ വിദ്യാർത്ഥിയും പ്രതിയും തമ്മിൽ തർക്കമുണ്ടായി. ആദി ശേഖറിന്റെ കുടുംബക്ഷേത്രത്തിന് സമീപം പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്‌തെന്നും അത് വൈരാഗ്യത്തിന് കാരണമായെന്നും ബന്ധുകൾ പറയുന്നു. വിഷയം പ്രതിയുമായി താൻ സംസാരിച്ചപ്പോൾ കുട്ടിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരൻ പറഞ്ഞിട്ടുണ്ട്.