Crime
തടവുകാർക്ക് പുകയില – മയക്കുമരുന്ന് ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലായി
തൃശൂർ . വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് പുകയില – മയക്കുമരുന്ന് അടക്കമുള്ളവ കണ്ടെത്തിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വിയ്യൂർ സെൻട്രൽ ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോനാണ് അറസ്റ്റിലായത്. കാലടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് മാസത്തോളമായി ഇയാൾ സസ്പെൻഷനിൽ കഴിഞ്ഞു വരുകയായിരുന്നു.
വിയ്യൂർ ജയിലിൽ പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ളവയും തടവുകാരിൽ നിന്നും കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശാനുസരണം വിയ്യൂർ പോലീസ് ആണ് അന്വേഷണം നടത്തിയിരുന്നത്. തുടർന്നാണ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാവുന്നത്. അന്വേഷണത്തിൽ നൂറു രൂപ മാത്രം വില വരുന്ന ബീഡി ഉയർന്ന വിലയ്‌ക്ക് തടവുകാർക്ക് വിൽപ്പന നടത്തുകയായിരുന്നതായും കണ്ടെത്തുകയുണ്ടായി. തടവിൽ കഴിയുന്നവരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറുകയായിരുന്നു. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പറ്റുന്ന സ്ഥലത്ത് വെച്ചുകൊടുത്ത് വന്നിരുന്നു.