Crime

കരുവന്നൂരിന് സമാനമായ തട്ടിപ്പ് സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും നടന്നു

Published

on

കരുവന്നൂർ സഹകരണ ബാങ്കിനെ കൂടാതെ സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും വൻ പണാപഹരണം ഉൾപ്പടെയുള്ള തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നതായ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.സതീഷ്‌കുമാറിനെതിരെ സുപ്രധാന കണ്ടെത്തലുകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലേക്കും ഈ സാഹചര്യത്തിൽ അന്വേഷണം നീളുമെന്ന് ഇതോടെ ഉറപ്പായി.

ചില സി പി എം നേതാക്കൾക്ക് വേണ്ടി ബിനാമികൾ വഴി വ്യാപകമായ സഹകരണ ബാങ്ക് കൊള്ളയാണ് നടന്നിരിക്കുന്നതെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ലോൺ തട്ടിപ്പിന് പുറമെ കള്ളപ്പണം വെളുപ്പിക്കലാണ് മുഖ്യമായും നടന്നിരിക്കുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പ് സതീഷ് മറ്റിടങ്ങളിലും നടത്തിയതായി ഇ.ഡി കണ്ടെത്തി. സ്ഥിര നിക്ഷേപം നടത്തിയവരുടെ വ്യാജരേഖകൾ ചമച്ച് തട്ടിച്ചത് നിക്ഷേപത്തുകയുടെ 90 ശതമാനം വരെയെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 30 കോടി രൂപ സതീഷ് കരുവന്നൂരിൽ വെളുപ്പിച്ച് തിരിച്ച് കടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

ഇ ഡി ക്ക് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സതീഷ്‌കുമാറിന്റെ ഇടപാടുകളിൽ വിശദപരിശോധന നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പ് വളരെ നിര്ണായകമായാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കാണുന്നത്. അത് കൊണ്ട് തന്നെ അന്വേഷണത്തിൽ പാളിച്ചകൾ വരാതിരിക്കും വിധം ഏറെ മുൻ കരുതലുകൾ കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എല്ലാം തന്നെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ചോദ്യം ചെയ്യും. പി. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കിൽ അംഗത്വം പോലുമില്ല. ബാങ്കിൽനിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചതായി ഇ.ഡി. കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് വൻ തുക കിരണിന് ബാങ്ക് നൽകിയിരിക്കുന്നത്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറിയെന്നത്തിന്റെ ചില നിർണായക തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീൻ എം.എൽ.എക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്.
11 ന് എത്താനാണ് നോട്ടീസ്. മൊയ്തീന്റെ എല്ലാ പഴുതുകളും അടച്ചാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. നിയമപ്രകാരമുള്ള ക്രമീകരങ്ങൾ പാലിക്കാൻ വേണ്ടിയാണിത്. ഇത് മൂന്നാം തവണയാണ് കേസിൽ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നൽകുന്നത്. ഇത് അവസാന നോട്ടീസ് ആണ്. ഹാജരാകാതിരുന്നാൽ അറസ്റ്റ് ഉണ്ടാവും. ഇഡിക്കു മുന്നിൽ ഹാജരാകുമെന്ന് എസി മൊയ്തീൻ ഇതിനിടെ ന്യൂസ് ചാനലിനോട് പറഞ്ഞിട്ടുണ്ട്.

(വാൽ കഷ്ണം: നമ്പർ വൺ കേരളം, നമ്പർ വൺ ഭരണം, നമ്പർ വൺ സഹകരണം, നമ്പർ വൺ കൊള്ള, നമ്പർ വൺ വെളുപ്പിക്കൽ, കമ്മ്യൂണിസമല്ല കേട്ടോ, ഇതാണ് പിണറായിസം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version