Crime
വനിതാ ഡോക്ടറെ കയറിപ്പിടിച്ച് ചുംബിക്കാൻ നോക്കിയ ഡോക്ടര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസ്
എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ നടന്ന ലൈംഗികാതിക്രമ സംഭവത്തിൽ ആരോപണവിധേനായ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കേരളത്തിലെ ഡോക്ടർ സമൂഹത്തിനൊന്നാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ വനിത ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഇമെയിൽ വഴിയാണ് യുവതി പോലീസിന് പരാതി നൽകിയിരുന്നത്.
2019 ൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ ഡോക്ടർ നൽകിയിരിക്കുന്ന പരാതി. വനിത ഡോക്ടർ ഫേസ്ബുക്കിലാണ് ദുരനുഭവം പങ്കുവെച്ചിരുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയാണ് കേസ്.
ഹൗസ്‍സർജൻസി ഇന്റേൺഷിപ്പ് ചെയ്യവേ 2019 ഫെബ്രുവരിയിലാണ് വനിത ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. സംഭവ ദിവസം വൈകിട്ട് ഏഴുമണിയോടെ വനിത ഡോക്ടറെ തന്റെ ക്വാർട്ടേഴ്സിനു സമീപത്തെ ക്ലിനിക്കിലേക്ക് മുതിര്‍ന്ന ഡോക്ടര്‍ വിളിച്ചുവരുത്തി ബലമായി ശരീരത്തിൽ സ്പർശിക്കുകയും മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച് അടുത്ത ദിവസം തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
(വാൽ കഷ്ണം : തന്റെ കീഴിൽ ജോലിക്കെത്തുന്ന വനിതാ ഡോക്ടർമാരെ യൊക്കെ കയറിപ്പിടിച്ച് ചുംബിക്കാമോന്ന് നോക്കിയതാണ് നമ്മുടെ വിരുദ്ധനായ ഡോക്ടർ, സംഭവം ഇരു ചെവി അറിയാതെ ഒതുക്കാൻ നോക്കിയ കില്ലാടികളുടെ പേരിലും നടപടി ഉണ്ടാവേണ്ടതാണ്)