Crime

കാട്ടുപന്നിക്ക് നിറയൊഴിച്ച വെടിയുണ്ട തുളച്ച് കയറിയത് വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍

Published

on

കാട്ടുപന്നിക്ക് നേരെ നിറയൊഴിച്ച വെടിയുണ്ട തുളച്ച് കയറിയത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ട് സംഘം പിടിയിലായതോടെയാണ് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്.

സംഭവത്തിൽ മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനിടെ ഉന്നംതെറ്റി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണു പോലീസ് നൽകുന്ന വിശദീകരണം.

മരണപ്പെട്ട സണ്ണിയുടെ വീടിന് സമീപം കണ്ട കാട്ടുപന്നിയെ പിടിയിലായ സജി ജോണ്‍ വെടിവെയ്ക്കുകയായിരുന്നു. ഉന്നം തെറ്റിയ അഞ്ചോളം വെടിയുണ്ടകള്‍ സണ്ണിയുടെ വീടിന് നേരെ പാഞ്ഞു. ഇതില്‍ ഒരു വെടിയുണ്ട സണ്ണിയുടെ നെറ്റിയില്‍ തുളച്ചുകയറുകയാണ് ഉണ്ടായത്.

അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കാണുന്നത്. മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തുകയും ഉണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version