Latest News
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 പേര്‍ മരണപ്പെട്ടു
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 പേര്‍ മരണപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 71 പേര്‍ മരണപ്പെട്ടു. 13 പേരെ കാണാനില്ല. ഞായറാഴ്ച്ച രാത്രി മുതല്‍ ഇതുവരെ 57 മൃതദേഹങ്ങള്‍ കണ്ടെടുത്തു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓങ്കാര്‍ ചന്ദ് ശര്‍മ്മ അറിയിച്ച വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ നഗര്‍ എന്നീ മൂന്ന് പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ കൂടി ഇരു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ കണക്കനുസരിച്ച്, ജൂണ്‍ 24 ന് കാലവര്‍ഷം ആരംഭിച്ച ശേഷം ഹിമാചലില്‍ മഴക്കെടുതിയില്‍ ഇതുവരെ 214 പേര്‍ മരണപ്പെട്ടു, 38 പേരെ കാണാതായി. നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് കൃഷ്ണ നഗറിലെ പതിനഞ്ചോളം വീടുകള്‍ ഒഴിപ്പിച്ച് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
കാന്‍ഗ്ര ജില്ലയിൽ ഇന്‍ഡോറ, ഫത്തേപൂര്‍ സബ് ഡിവിഷനുകളിലെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,731 പേരെ രക്ഷപ്പെടുത്തി. വ്യോമസേനാ ഹെലികോപ്റ്ററുകള്‍, കരസേനാ ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ് എന്നിവയുടെ സഹായത്തോടെ ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഉത്തരാഖണ്ഡിലെ ലക്ഷ്മണ്‍ ജുലയിലെ റിസോര്‍ട്ടിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദമ്പതികളുടെയും മകന്റെയും ഉള്‍പ്പെടെ നാല് മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഇതോടെ ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നിട്ടുണ്ട്. അംസൗറില്‍ മണ്ണിടിച്ചിലില്‍ പൗരി-കോട്ദ്വാര്‍-ദുഗദ്ദ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പിപാല്‍കോട്ടി ഭരേന്‍പാനിക്ക് സമീപം ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയതായി സംസ്ഥാന ദുരന്ത നിയന്ത്രണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പോങ്, ഭക്ര അണക്കെട്ടുകളില്‍ നിന്ന് അധിക ജലം തുറന്നുവിട്ടതിനെ തുടര്‍ന്ന് പഞ്ചാബില്‍ ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍, രൂപ്നഗര്‍ ജില്ലകളിലെ പല പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിട്ടുണ്ട്.