Latest News
പാകിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 8 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ ഉണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ആണ് ചാവേർ ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ ടെലിഗ്രാഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ മാലി ഖേൽ മേഖലയിൽ മോട്ടോർ ബൈക്കിലെത്തിയാണ് ചാവേർ ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. ഒരു മാസത്തിനിടെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 30 ന് ഒരു രാഷ്ട്രീയ പാർട്ടി യോഗത്തിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.