Crime
കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു
തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വകമാറ്റി ചിലവഴിക്കാൻ നീക്കം. സഹകരണ ബാങ്ക് തട്ടിപ്പിന്റെ പാർട്ടി നേതാക്കൾ അടക്കം മുഖം മൂടിയിരിക്കുന്ന തുണി മാറ്റാനാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി നീക്കം നടക്കുന്നത്. ബാങ്കിനെ രക്ഷിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സഹായിക്കാനും ബാക്കി തുക നിക്ഷേപമായി ഇനിയും സമാഹരിക്കാനുമാണ് ശ്രമിക്കുന്നത്.
കേരളാ ബാങ്കിൽ ഉടമയില്ലാത്ത നിക്ഷേപങ്ങൾ ഒന്നും ഇല്ല. നേതാക്കൾ അടിച്ചിട്ട് പോയ പണത്തിനു പകരം കൊടുക്കാൻ ലക്ഷ്യമിടുന്ന 50 കോടി രൂപയും നിക്ഷേപകരുടേത് തന്നെയാണ്. നാണക്കേട് മറയ്‌ക്കാൻ അതി ബുദ്ധി കാണിക്കുന്ന സിപിഎംനെ മറ്റൊരു കെണിയിലേക്ക് ഉപദേശകർ കൊണ്ടുചെന്നു എത്തിക്കുകയാണെന്നാണ് ഇത് സംബന്ധിച്ച് സാമ്പത്തിക വിദഗദ്ധർ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ കരുവന്നൂരിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. അതുവഴി നിക്ഷേപകർക്ക് പണം നൽകി തടിയൂരാമെന്നാണ് പാർട്ടിയിലെ അതി ബുദ്ധിശാലികളുടെ അല്പബുദ്ധിയിൽ ഇപ്പോൾ തോന്നിയിരുന്നത്.
കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്ന് സമാഹരിക്കുമാത്രേ. മൂന്ന് ദിവസത്തിനുള്ളിൽ പണം ഇത്തരത്തിൽ കൈമാറിയേക്കും. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കേരളാ ബാങ്കിന്റെ ബോർഡ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം.കെ കണ്ണനുമായുള്ള കൂടിക്കാഴ്ച നടന്നതിന് ശേഷമാണ് കേരളാ ബാങ്കിൽ നിന്നും വൻതുക കരുവന്നൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലേക്ക് എത്തിയിട്ടുള്ളത്.
കരിവന്നൂരിലെ പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി രൂപ എത്തിച്ചിട്ടുണ്ടെന്നും 40 കോടി രൂപ കൂടിയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകുമെന്നും എം.കെ കണ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. ഇതിനോടകം കുറെ നിക്ഷേപകരുടെ പണം നൽകാനായി എന്നും 84 കോടി രൂപ വിതരണം ചെയ്തതായും കണ്ണൻ പറഞ്ഞിരുന്നു.