Latest News
വിൽക്കാനായി കൊണ്ട് വന്ന 5 റോഹിംഗ്യൻ യുവതികളെ അഗർത്തലയിൽ പോലീസ് പിടികൂടി
അഗർത്തല . ബംഗ്ലാദേശിൽ നിന്ന് ട്രെയിൻ മാർഗം ഡൽഹിയിലേക്ക് വിൽപനക്കായി കൊണ്ട് വന്ന 5 റോഹിംഗ്യൻ യുവതികളെ അഗർത്തലയിൽ പോലീസ് പിടികൂടി. യുവതികളെ കടത്തി കൊണ്ട് വന്ന മനുഷ്യക്കടത്ത് റാക്കറ്റ് തലവനും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശ് പൗരനായ ജമാൽ ഹുസൈൻ ആണ് പിടിയിലായിരിക്കുന്നത്. എന്തിന് വേണ്ടിയാണ് റോഗിംഗ്യൻ യുവതികളെ ഡൽഹിയിലേക്ക് കൊന്നു വന്നതെന്നതിനു വ്യക്തമായ മറുപടി ജമാൽ ഹുസൈൻ നൽകാൻ കൂട്ടാക്കിയിട്ടില്ല.
റെയിൽവേ പോലീസ് ധർമ്മനഗർ സ്റ്റേഷനിൽ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സംഘത്തിനെ തേടിയെത്തുകയായിരുന്നു. സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിനിനായി കാത്തുനിൽക്കുകയായിരുന്ന സംഘത്തോട് ഐഡന്റിറ്റി രേഖകൾ കാണിക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവരുടെ കൈവശം രേഖകൾ നൽകാൻ ഉണ്ടായിരുന്നില്ല. പോലീസ് തുടർന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജിആർപി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി പോയി.
ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ താമസിച്ചിരുന്ന റോഹിംഗ്യൻ യുവതികളെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വന്നിട്ടുള്ളത്. ഡൽഹിയിൽ കുറേകാലം ജോലി ചെയ്തിരുന്ന ജമാൽ ഹുസൈൻ, 2017ൽ ബംഗ്ലാദേശിലെ കുട്ടുപലോങ് ക്യാമ്പിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നെത്തി, ഡൽഹിയിൽ വ്യാജ ഇന്ത്യൻ ഐഡിയുമായി ജോലി ചെയ്യുകയായിരുന്നു.
ഡൽഹിയിൽ താമസിക്കുമ്പോൾ മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടായിരുന്ന ഇയാൾ റോഹിംഗ്യൻ സ്ത്രീകളെ ഇന്ത്യയിലെത്തിച്ച് വിലയ്‌ക്ക് വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ആറ് മാസം മുമ്പ് ബംഗ്ലാദേശിലേക്ക് മടങ്ങിയ ജമാൽ 18 നും 19 നും ഇടയിൽ പ്രായമുള്ള അഞ്ച് യുവതികളെയാണ് ഡൽഹിയിൽ ത്രിപുര അതിർത്തി വഴി ഇന്ത്യയിലെത്തിക്കുകയും ട്രെയിനിൽ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നത്.