Latest News
രണ്ടു വയസുകാരിക്ക് വിമാന യാത്രക്കിടെ ശ്വാസം നിലച്ചു, പുതുജന്മം നൽകി രക്ഷകരായി സഹയാത്രികരായ 5 ഡോക്ടർമാർ
ന്യൂഡൽഹി . ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്‌താര വിമാനത്തിൽ യാത്രയ്‌ക്കിടെ ശ്വാസം നിലച്ച് മരണത്തോടടുത്ത രണ്ടുവയസുകാരിക്ക് സഹയാത്രികരായ ഡോക്‌ടർമാർ രക്ഷകരായി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിയുടെ ജീവൻ രക്ഷിച്ചത് സഹയാത്രികരായ ഡൽഹി എയിംസിലെ അഞ്ച് ഡോക്ടർമാർ.
കുട്ടി അബോധാവസ്ഥയിൽ ആകുമ്പോൾ വിമാനജീവനക്കാർ യാത്രക്കാർക്കിടയിൽ ഡോക്‌ടർമാരുണ്ടോ എന്നറിയാൻ അനൗൺസ്മെന്റ് നടത്തുകയായിരുന്നു. ബംഗളൂരുവിൽ മെഡിക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡൽഹി എയിംസിലെ സീനിയർ ഡോക്‌ടർമാരായ നവദീപ് കൗർ, ദമൻദീപ് സിംഗ്, ഋഷഭ് ജെയിൻ, ഒയിഷിക, അവിചല തക്‌ഷക് എന്നിവർ ഉടൻ കുട്ടിയുടെ അരികിലെത്തി.
കുട്ടിയുടെ നാഡിമിടിപ്പ് നിലച്ച അവസ്ഥയായിരുന്നു അപ്പോൾ. രക്തത്തിൽ ഓക്‌സിജന്റെ അളവു കുറഞ്ഞ് ചുണ്ടുകളും വിരലുകളും നീലനിറമായി തുടങ്ങി. ഡോക്ടർമാർ ഉടൻ കൃത്രിമ ശ്വാസം നൽക്കുകയായിരുന്നു പിന്നെ. ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള നടപടികൾ അവർ സ്വീകരിച്ചു. അൽപ സമയത്തിനുള്ളിൽ കുട്ടിക്ക് ബോധം തിരികെ കിട്ടി.
വിമാനം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാഗ്‌പൂരിലേക്ക് തിരിച്ചുവിട്ടു. അവിടെ ഒരു ആശുപത്രിയിൽ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി. കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡൽഹി എയിംസ് അറിയിച്ചിട്ടുണ്ട്. രക്ഷകരായ ഡോക്‌ടർമാരുടെ ചിത്രങ്ങളും എയിംസ് പുറത്തുവിട്ടു. ജൻമനാ ഹൃദയത്തിന് ഉള്ള തകരാറുമൂലം രക്തത്തിൽ ഓക്‌സിന്റെ അളവു കുറയുന്ന അസുഖമാണ് കുട്ടിക്കുള്ളതെന്നു എയിംസ് പറയുന്നു.