Crime
ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് എഴുതി ജഡ്ജിമാർ ഉൾപ്പടെ 262 പേർ
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ശ്രീധര്‍ റാവു ഉള്‍പ്പെടെ വിരമിച്ച 14 ജഡ്ജിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. ജഡ്ജിമാർക്ക് പുറമെ 130 ബ്യൂറോക്രാറ്റുകളും, 20 അംബാസഡര്‍മാരും, 118 സായുധസേന ഓഫീസര്‍മാരും ഉള്‍പ്പെടെ 262 പേരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്.
വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വിവാദ പ്രസംഗം വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശമെന്നും, തന്റെ വിദ്വേഷ പ്രസംഗത്തില്‍ ഉദയനിധി മാപ്പ് പറഞ്ഞിട്ടില്ലെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നു.
ചെന്നൈയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പ്രസംഗം നടത്തുന്നത്. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്’ ഉദയനിധിയുടെ പറഞ്ഞിരുന്നു.