Crime
നമ്പർ വൺ കേരളം ആത്മഹത്യകളിലും നമ്പർ വൺ, 10 വർഷത്തിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന
കോഴിക്കോട് . എന്തിനെപ്പറ്റിയും ഇതിനെപ്പറ്റിയും പറയുമ്പോൾ നമ്മളാണ് നമ്പർ വൺ എന്ന് സർക്കാർ വീമ്പിളക്കുന്ന നമ്പർ വൺ കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന എന്ന് കണക്കുകൾ. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ 2022ൽ ഇത് 10,162 ആയിമാറിയെന്നതാണ് ശ്രദ്ധേയം. ആത്മഹത്യയുടെ തലസ്ഥാനം കേരളത്തിന്റെ തലസ്ഥാനം തന്നെ എന്ന പ്രത്യേകതയും ഉണ്ട്. തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 44 പേർ മരണം വരിച്ചു. മലപ്പുറമാണ് ഏറ്റവും പിന്നിൽ–- 11 പേർ.കേരളത്തിലെ ആത്മഹത്യാ നിരക്ക് 2021-ലെ ദേശീയ ശരാശരിയായ 11.3-ന്റെ ഇരട്ടിയിലധികമാണ്.
കേരളത്തിൽ 2022ൽ ആത്മഹത്യചെയ്‌തവരിൽ 79 ശതമാനം പേരും സ്‌ത്രീകളാണ്. ജീവിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുടെ രാജ്യ തലസ്ഥാനമായി നമ്പർ വൺ കേരളം മാറി. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതായാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. 2020ൽ കേരളത്തിൽ 8497 പേരാണ് ജീവനൊടുക്കിയത്. 2021ൽ ഇത് 9547 ആയിരുന്നു. 2022 ൽ 10,162 ആയിരുന്നു. കോവിഡ് ഉണ്ടാക്കിയ മാനസിക പിരിമുറുക്കവും ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും, തൊഴിൽ നഷ്ടവും ഉൾപ്പെടെയുള്ളവ ആത്മഹത്യാ നിരക്കിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഒരു രക്ഷപെടലിനായി സർക്കാരിന് പറയാം.
ജീവനൊടുക്കുന്നവരിൽ 56 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരാണ്. ഒറ്റപ്പെടൽ, സാമ്പത്തിക സ്വാശ്രയത്വമില്ലായ്‌മ, രോഗങ്ങൾ, കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ എന്നിവ മുഖ്യ കാരങ്ങളുമാണ്. 40 ശതമാനം ആത്മഹത്യ 15 വയസ്സിനും 45 വയസ്സിനും മധ്യേയാണ്. 2022ലെ ആത്മഹത്യകളിൽ 48 ശതമാനത്തിനും കാരണമായത് കുടുംബവഴക്കുകളായിരുന്നു. 17 ശതമാനം ആത്മഹത്യകൾ മാനസിക പ്രശ്‌നങ്ങളാലും 14 ശതമാനം ശാരീരിക പ്രശ്‌നങ്ങളാലുമാണ്. 78 ശതമാനം പേരും തൂങ്ങിമരണമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
നാല് കുടുംബ ആത്മഹത്യകളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. മൊത്തം 11 പേരാണ് മരണപ്പെട്ടത്. ജീവനൊടുക്കിയവരിൽ 88 ശതമാനം പേരും പ്ലസ്‌ടുവിൽ താഴെ വിദ്യാഭ്യാസം ഉള്ളവരാണ്. ബിരുദധാരികൾ, പ്രൊഫഷണൽ യോഗ്യതയുള്ളവർ എന്നിവരിൽ 7.5 ശതമാനം മാത്രമാണ് ആത്മഹത്യചെയ്യുന്നത് എന്നും കണക്കുകൾ പറയുന്നു.
പ്രണയാഭ്യർത്ഥനകൾ നിരസിക്കുമ്പോൾ പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകന്മാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തിടെയായി വർധിച്ചുവരികയാണ്. ഒരു ആത്മഹത്യ നടക്കുമ്പോൾ അതിന്റെ ഇരുപതിരട്ടി ആത്മഹത്യാ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കു പുറത്തു വരുമ്പോൾ അതിൽ ഏഴു വർഷവും ഭരണം നടത്തിയത് പിണറായി വിജയനാണ് എന്ന കാര്യവും പറയേണ്ടതായുണ്ട്.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു