Crime

സോളാർ ഗുഢാലോചന, അത് പച്ചക്കളളം, ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ – വെള്ളാപ്പള്ളി നടേശൻ

Published

on

തിരുവനന്തപുരം . സോളാർ പരാതിക്കാരിയുടെ കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടെന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്ന് വെള്ളാപ്പള്ളി നടേശൻ. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും പറയുകയുണ്ടായി. സോളാർ കേസിൽ താൻ ഇടപെട്ടിട്ടേയില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞു. കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണൻ പറഞ്ഞത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും ഫെനി പറഞ്ഞു.

പത്തനംതിട്ട ജയിലിൽ നിന്നും പരാതിക്കാരി കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത കത്ത് തനിക്ക് കാണിച്ച് തരുന്നത്. ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും ഫെനി വെളിപ്പെടുത്തിയിരുന്നു.

എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

ഇക്കാര്യത്തിൽ പല രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇ പി ജയരാജന്‍റെ കാറിൽ തന്നെ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാൽ ചെയ്യാമെന്നും പറഞ്ഞു. ഈ വിഷയം എങ്ങനെയും കത്തിച്ച് നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്‍റെ ആവശ്യമെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version