Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, എ സി മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
തൃശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന സിപിഎം നേതാവ് എ സി മൊയ്തീനെതിരെ ശക്തമാക്കി നടപടിയുമായി ഇഡി. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ ബിനാമി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 36 വസ്തു വകകളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് നിർണായക പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് കണ്ടുകെട്ടൽ നടപടി ഉണ്ടായിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ കോടികളുടെ ബിനാമി ഇടപാടുകൾക്ക് പിന്നിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനാണെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. വായ്പ നൽകിയത് പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണെന്നും ഇ ഡി വ്യക്തമാക്കി. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ ഇക്കാര്യങ്ങൾക്ക് കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.
ബാങ്കിൽ നിന്നും 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി. 5 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ക്രമക്കേടുകൾക്കായി കരുവന്നൂർ ബാങ്കിൽ രണ്ട് രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തി. നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽനിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്ക് വിവരം ലഭിക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ഇഡി അറിയിച്ചിട്ടുള്ളത്.
മുൻ മന്ത്രിയായ എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ കേസുമായി ബന്ധപ്പെട്ട് നേരത്തെ മരവിപ്പിച്ചിരുന്നു. മൊയ്തീന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടേയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 22 മണിക്കൂർ തുടർച്ചയായ പരിശോധനയെ തുടർന്നാണ് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിക്കുന്നത്. ബിനാമികളിൽ മൂന്ന് പേരോട് ഓഫീസിൽ വ്യാഴാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിരുന്നു. നൽകിയിട്ടുണ്ട്. കോടികളുടെ ബാങ്ക് തട്ടിപ്പിൽ മൊയ്തീന് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.
25 കോടി രൂപയുടെ വായ്പ കിട്ടിയ നാലു പേർ മൊയ്തീന്റെ ബിനാമികളാണ്. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണു റെയ്‌ഡിലേക്ക് കാര്യങ്ങൾ എത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. മൊയ്തീന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലർച്ചെ അഞ്ച് മണി വരെ നീണ്ടു.
സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയായിരുന്നു. മതിയായ ഈടില്ലാതെയാണ് ബാങ്ക് തുകകള്‍ അനുവദിച്ചിരിക്കുന്നത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്ത സംഭവവും ഇഡി പരിശോധിച്ചു വരുകയാണ്.