Latest News
ചൈന – പാക് അതിർത്തി നിരീക്ഷിക്കാൻ ഇന്ത്യക്കിനി നേത്ര-1 ന്റെ കൂർമ്മമായ കണ്ണുകൾ കൂടി
ന്യൂഡൽഹി . ചൈന – പാക് അതിർത്തി നിരീക്ഷിക്കാൻ ഇന്ത്യക്കിനി നേത്ര-1 ന്റെ കൂർമ്മമായ കണ്ണുകൾ കൂടി. ചൈന – പാക് അതിർത്തിയിലെ ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി വ്യോമസേനയ്‌ക്ക് നേത്ര-1 വിമാനങ്ങൾ കൂടി നൽകുകയാണ്. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരം ആകാശ നിരീക്ഷണം നടത്താൻ നേത്ര-1 വ്യോമസേനയെ സഹായിക്കും. ബ്രസീലിയൻ എംബ്രയർ എയർക്രാഫ്‌റ്റെന്ന വിമാനത്തെ അടിസ്ഥാനമാക്കി രാജ്യത്ത് തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് നേത്ര-1 എന്ന എയർബോൺ ഏർളി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ്. 300 കിലോമീറ്ററിലധികം അകലെയുള്ള ശത്രുവിമാനങ്ങളെ കണ്ടെത്തി യുദ്ധമേഖല നിയന്ത്രിക്കാൻ കെൽപ്പുള്ള വിധത്തിലാണ് നേത്ര രൂപകൽപന ചെയ്തിരിക്കുന്നത്.
ഡിആർഡിഒ വികസിപ്പിച്ചെടുത്ത രണ്ട് നേത്ര-1 വിമാനങ്ങൾ നിലവിൽ വ്യോമസേനക്ക് നൽകിയിരുന്നു. പുതിയ ഉത്തരവിന്റെ ഭാഗമായി ആറ് നേത്ര-1 വിമാനങ്ങൾ കൂടി വ്യോമസേനക്ക് നൽകുകയാണ്. 8,000 കോടിയിലധികം രൂപയുടെ പദ്ധതി പ്രകാരമാണ് ആറ് വിമാനങ്ങൾ കൂടി
വ്യോമ സേനക്ക് ലഭ്യമാക്കുന്നത്. എംബ്രയർ ഇആർജെ-145 വിമാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാണ് നേത്ര-1 എയർക്രാഫ്റ്റാക്കി സേനയ്‌ക്ക് കൈമാറുന്നത്.
ഒരു എയർബസ് 330 വിമാനത്തിൽ ആറ് എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം നിർമ്മിക്കാൻ ഡിആർഡിഒ നേരത്തെ പദ്ധതിയിട്ടിരുന്നു. നിലവിൽ നിരീക്ഷണ വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നേത്ര-2 പദ്ധതിക്ക് വേണ്ടി എ-321 വിമാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വരുകയാണ് ഡിആർഡിഒ.